കേരളീയ കലകളുടെ സമ്മേളനവുമായി കേരളീയം

കേരളീയത്തിൽ എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യം: മന്ത്രി വി.ശിവൻകുട്ടി
 
kerala

പ്രമുഖകലാകാരന്മാർ പങ്കെടുക്കുന്ന പരിപാടികൾക്കുപുറമേ കേരളത്തിലങ്ങോളമിങ്ങോളമുള്ള നിരവധി കലാകാരന്മാരുടെ പരിപാടികൾ അവതരിപ്പിച്ച് കേരളീയത്തിന്റെ കലാവിരുന്ന്. ഏഴുദിവസം നീണ്ടു നിൽക്കുന്ന 'കേരളീയം സാംസ്‌കാരികോത്സവ'ത്തിൽ  മുന്നൂറോളം കലാപരിപാടികളിലായി നാലായിരത്തി ഒരുന്നൂറോളം കലാകാരന്മാർ വേദിയിലെത്തും.
എൻഡോസൾഫാൻ ദുരിതമേഖലയിലെ കുട്ടികൾ ഉൾപ്പടെയുള്ള ഭിന്നശേഷിക്കാരുടെ വ്യത്യസ്തമാർന്ന കലാപരിപാടികൾ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമാകും. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പ്രാതിനിധ്യവും കലാപരിപാടികളിൽ ഉണ്ടാകും.

നാലു പ്രധാന വേദികൾക്കു പുറമേ രണ്ടു നാടക വേദികൾ,12 ചെറു വേദികൾ,11 തെരുവു വേദികൾ,സാൽവേഷൻ ആർമി ഗ്രൗണ്ട് എന്നിങ്ങനെ 30 വേദികൾ കേരളീയത്തിനോടനുബന്ധിച്ചുള്ള കലാവിരുന്നുകളാൽ പൂത്തുലയും.സെൻട്രൽ സ്റ്റേഡിയം,നിശാഗന്ധി ഓഡിറ്റോറിയം,ടാഗോർ തിയേറ്റർ, പുത്തരിക്കണ്ടം മൈതാനം എന്നിവയാണ് നാലു പ്രധാന വേദികൾ. 
വിവേകാനന്ദ പാർക്ക്,കെൽട്രോൺ കോമ്പൗണ്ട്,ടാഗോർ ഓപ്പൺ എയർ ഓഡിറ്റോറിയം,ഭാരത് ഭവന്റെ ശെമ്മാങ്കുടി എ സി ഹാൾ,വിമൻസ് കോളജ് ഓഡിറ്റോറിയം, ബാലഭവൻ,പഞ്ചായത്ത് അസോസിയേഷൻ ഓഡിറ്റോറിയം,സൂര്യകാന്തി,മ്യൂസിയം റേഡിയോ പാർക്ക്,യൂണിവേഴ്‌സിറ്റി കോളേജ് പരിസരം, എസ് എം വി സ്‌കൂൾ,ഗാന്ധി പാർക്ക് തുടങ്ങിയ ചെറു വേദികളും വിവിധ കലാപ്രകടനങ്ങളാൽ സമ്പന്നമാകും.

 കഥകളി, ഓട്ടൻ തുള്ളൽ, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, കേരളനടനം, യോഗനൃത്തം, മോഹിനിയാട്ടം, ഒപ്പന, കഥാപ്രസംഗം, ഗദ്ദിക, മാപ്പിള കലകൾ, മംഗലംകളി, കുടിച്ചോഴി കളി, മാർഗം കളി,  പാക്കനാർ തുള്ളൽ, സീതകളി, മുടിയേറ്റ്,പടയണി,ചവിട്ടുനാടകം, കവിയരങ്ങ്, കഥയരങ്ങ്,വഞ്ചിപ്പാട്ട്, വിൽപ്പാട്ട്,പടപ്പാട്ട്, കടൽപ്പാട്ട്,വിവിധ തരത്തിലുളള വാദ്യമേളങ്ങൾ എന്നിവ ഈ വേദികളിൽ അരങ്ങേറുമ്പോൾ മലയാള തനിമയാർന്ന പഴയ കാല കലാരൂപങ്ങൾ നേരിട്ടാസ്വദിയ്ക്കുന്നതിനുള്ള അവസരമാണ് അനന്തപുരിയിലെ പുതുതലമുറയ്ക്കു കൈവരുന്നത്.. എസ്.എം.വി സ്‌കൂളിലെ ആൽച്ചുവീട്ടിൽ ഏഴുദിവസം നീണ്ടുനിൽക്കുന്ന കളമെഴുത്തും പുള്ളുവൻ പാട്ടും അരങ്ങേറും.സെനറ്റ് ഹാളിൽ പ്രൊഫഷണൽ-അമച്വർ നാടകങ്ങളും ഭാരത് ഭവന്റെ മണ്ണരങ്ങ് ഓപ്പൺ ഓഡിറ്റോറിയത്തിൽ കുട്ടികളുടെ നാടകാവതരണവും ഉണ്ടാവും.

 ചെറിയ വേദികൾ കൂടാതെ പത്തോളം തെരുവു വേദികളും ഇതോടനുബന്ധിച്ച് സജ്ജമാക്കിയിട്ടുണ്ട്. തെയ്യവും വിവിധ തെയ്യാട്ടങ്ങളും,മലപ്പുലയാട്ടം,സ്ട്രീറ്റ് സർക്കസ്,സ്ട്രീറ്റ് മാജിക്,തെരുവു നാടകം,പൊയ്ക്കാൽ രൂപങ്ങൾ,പൂപ്പടയാട്ടം,വിളക്കുകെട്ട്,ചാറ്റുപാട്ട്,തുകൽ വാദ്യ സമന്വയം,മയൂരനൃത്തം,വനിത ശിങ്കിരിമേളം,പപ്പറ്റ് ഷോ,തിരിയുഴിച്ചിൽ എന്നിവയെല്ലാം തെരുവു വേദിയിൽ അരങ്ങേറും.ഭാരത് ഭവനിലെ എ സി ഹാളിൽ പത്മശ്രീ രാമചന്ദ്ര പുലവരുടെ നേതൃത്വത്തിൽ ഏഴു ദിവസം നീണ്ടു നിൽക്കുന്ന തോൽപ്പാവകൂത്തും പ്രദർശനവും അരങ്ങേറും.

ടാഗോർ ഓപ്പൺ ഓഡിറ്റോറിയം വേദി ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ കലാപ്രകടനങ്ങൾക്കായി മാത്രം നീക്കിവെച്ചിരിക്കുന്നു. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഏഴു ദിവസവും മറ്റു വേദികളിൽ  നവംബർ ഒന്നു മുതൽ ആറു വരെയും ആയിരിക്കും കലാപരിപാടികൾ നടക്കുക.

കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നു കേരളീയം സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി. കേരളീയത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്യാൻ മാസ്‌കോട്ട് ഹോട്ടൽ കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത മാധ്യമങ്ങളിലെ ബ്യൂറോ ചീഫുമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 മികച്ച രീതിയിലുള്ള ഗതാഗത ക്രമീകരണങ്ങളും പാർക്കിങ്ങിന് വിപുലമായ സംവിധാനവും കേരളീയം നടക്കുന്ന വേളയിൽ ഒരുക്കുമെന്നു ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. കേരളീയത്തിന്റെ വേദികൾ ഉൾപ്പെടുന്ന മേഖല റെഡ്‌സോണായി പ്രഖ്യാപിച്ച് ഈ മേഖലയിൽ കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസുകൾ വഴി സന്ദർശകർക്കു സൗജന്യയാത്ര ഒരുക്കും. പാർക്കിങ് സ്ഥലങ്ങളിൽനിന്ന് റെഡ്‌സോണിലേക്കു കെ.എസ്.ആർ.ടി.സി. ആവശ്യത്തിന് വാഹനസൗകര്യം ഒരുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. വിനോദസഞ്ചാരികളെക്കൂടി ആകർഷിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ കേരളീയത്തിന് മാധ്യമങ്ങൾ നൽകണമെന്നു ഭക്ഷ്യ-സിവിൽ സപ്‌ളൈസ് വകുപ്പു മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കേരളീയം കൺവീനർ എസ്. ഹരികിഷോർ കേരളീയത്തിന്റെ ലക്ഷ്യവും പരിപാടികളും സംബന്ധിച്ച അവതരണം നടത്തി. 
 കേരളീയം പ്രോഗ്രാം കമ്മിറ്റി ചെയർമാനായ ഐ.ബി. സതീഷ് എം.എൽ.എ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു,ഐ.പി.ആർ.ഡി.ഡയറക്ടർ ടി.വി. സുഭാഷ്,മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജ്‌ എന്നിവർ ചടങ്ങിൽ സംസാരിച്ചു. 
കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിലാണ് നാൽപതിലേറെ വേദികളിൽ കേരളീയം മഹോത്സവം നടക്കുന്നത്. സെമിനാറുകൾ,വ്യവസായ മേള, പ്രദർശനങ്ങൾ,മെഗാ കലാപരിപാടികൾ,ഭക്ഷ്യമേള, പുഷ്പമേള,ചലച്ചിത്രമേള,വൈദ്യൂത ദീപാലങ്കാരപ്രദർശനം എന്നിങ്ങനെ നിരവധി കലാ-സാംസ്‌കാരിക-വ്യവസായ പ്രദർശനങ്ങളാണ് കേരളീയത്തിന്റെ ഭാഗമായി നടക്കുന്നത്.