കെ എം മാണി എക്കാലവും ഓർമിപ്പിക്കപ്പെടുന്ന നേതാവ്: കെ എൻ ബാലഗോപാൽ

മുൻ ധനകാര്യമന്ത്രിയും കേരള കോൺഗ്രസ് (എം) നേതാവുമായിരുന്ന കെ എം മാണി എക്കാലവും ഓർമിപ്പിക്കപ്പെടുന്ന ഒരു നേതാവാണെന്ന് സംസ്ഥാന ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ. തന്റെ വിദ്യാർത്ഥി രാഷ്ട്രീയ കാലഘട്ടം മുതലേ കെഎം മാണിയെ ആരാധനയോടെയാണ് താൻ നോക്കി കണ്ടിരുന്നത്. അന്ന് തൊട്ടേ കെ എം മാണി ഏത് മുന്നണിയിൽ ആയിരുന്നാലും ഏതു പാർട്ടിയുടെ നേതാവായിരുന്നാലും പൊതു പ്രവർത്തന രംഗത്ത് നിൽക്കുന്നവർക്ക് അദ്ദേഹത്തെ അങ്ങനെ മാത്രമേ കാണുവാൻ ആകുകയുള്ളൂവെന്നും അദ്ദേഹം അനുസ്മരിച്ചു. കേരള കോൺഗ്രസ് (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെഎം മാണി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്രത്തിന്റെ GST യുടെ ഇപ്പോഴത്തെ ജനദ്രോഹ നയങ്ങൾക്കെതിരെ രാജ്യത്തു ആദ്യം പ്രതികരിക്കുന്ന ഒരു നേതാവായിരിക്കുമായിരുന്നു കെഎം മാണിയെന്നും കെ എൻ ബാലഗോപാൽ കൂട്ടി ചേർത്തു. പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സഹായദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അനുസ്മരണ പ്രഭാഷണം നടത്തി. പാർട്ടി ഹൈപ്പർ കമ്മിറ്റി അംഗങ്ങളായ ബേബി ഉഴുത്തുവാൽ, ജേക്കബ് തോമസ് അരിക് പുറം, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അലക്സ് കോഴിമല, കെ ആനന്ദകുമാർ, കെ.ജെ ദേവസ്യ, നെയ്യാറ്റാൻകര മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, ജില്ലാ സെക്രട്ടറി സി. ആർ സുനു, എസ്. ആർ സാഗർ തുടങ്ങിയവർ പ്രസംഗിച്ചു.