രാജ്യത്ത് വീണ്ടും കൊവിഡ് കുതിക്കുന്നു: 24 മണിക്കൂറിനിടെ 11,109 കേസുകള്‍

 
covid

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,109 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 49,622 സജീവ രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 236 ദിവസത്തെ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് ബാധയാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. 29 മരണം രേഖപ്പെടുത്തിയതോടെ ആകെ മരണം 5,31,064 ആയി ഉയര്‍ന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു.

ഡല്‍ഹിയിലും രാജസ്ഥാനിലും മൂന്നും ചത്തിസ്ഗഢിലും പഞ്ചാബിലും രണ്ടുവീതവും ഹിമാചല്‍ പ്രദേശ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, പുതുച്ചേരി, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഓരോ മരണം വീതവുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തില്‍ മുമ്പുണ്ടായ ഒമ്പത് മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

കോവിഡിന്റെ എക്‌സ് ബി.ബി.1.16 വകഭേദമാകാം നിലവിലെ വ്യാപനത്തിനുള്ള കാരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ വ്യക്തമാക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

അടുത്ത പത്ത് മുതൽ പന്ത്രണ്ട് ദിവസം വരെ കൊവിഡ് കേസുകൾ ഉയർന്നു നിൽക്കുമെങ്കിലും ഒരു തരംഗത്തിനുള്ള സാദ്ധ്യത ആരോഗ്യ വിദഗ്ദ്ധർ തള്ളി. രണ്ടാഴ്ച്ചയ്ക്കപ്പുറം കേസുകൾ കുറയുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ ആശുപത്രികളിൽ 90ശതമാനം ഐ സി യുവും കിടക്കകളും സജ്ജമാക്കിയതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കിൽ വ്യക്തമാക്കി .സംസ്ഥാനങ്ങളിൽ നടന്ന മോക്ഡ്രിലിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക് തയ്യാറാക്കിയത്.