കോഴിക്കോട് നിപ ബാധയെ പൂര്‍ണമായും അതിജീവിച്ചു: മന്ത്രി വീണാ ജോര്‍ജ്
വയനാട് സെപ്റ്റംബറില്‍ ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യം: ആശങ്ക വേണ്ട അവബോധം വളരെ പ്രധാനം
തിരുവനന്തപുരം: കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയെ പൂര്‍ണമായും അതിജീവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് നിപ വ്യാപനം ഉണ്ടായ ശേഷം ഇന്‍കുബേഷന്റെ 42-ാമത്തെ ദിവസം നാളെ പൂര്‍ത്തിയാക്കുകയാണ്. ഈ വ്യാപനത്തില്‍ ആകെ 6 പേര്‍ പോസിറ്റീവായി. അതില്‍ 2 പേരാണ് മരണമടഞ്ഞത്. നെഗറ്റീവായവര്‍ ആശുപത്രി വിട്ട ശേഷമുള്ള ഐസൊലേഷന്‍ കാലാവധിയും പൂര്‍ത്തിയായിട്ടുണ്ട്.
ആഗോളതലത്തില്‍ തന്നെ 70 മുതല്‍ 90 ശതമാനം മരണനിരക്കുള്ള പകര്‍ച്ച വ്യാധിയാണ് നിപ. എന്നാല്‍ മരണനിരക്ക് 33.33 ശതമാനത്തില്‍ നിര്‍ത്തുന്നതിന് കോഴിക്കോട് സാധിച്ചു. മാത്രമല്ല സമ്പര്‍ക്കപ്പട്ടികയിലുള്ളയാള്‍ തന്നെ പോസിറ്റീവ് ആയെന്ന് കണ്ടെത്താന്‍ സാധിച്ചത് ഇതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ കൃത്യമായി നടന്നു എന്നതിന്റെ തെളിവ് കൂടിയായിട്ടാണ് ആരോഗ്യ വകുപ്പ് കാണുന്നത്. 1186 സാമ്പിളുകള്‍ പരിശോധിച്ചു. 1288 പേരായിരുന്നു സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നത്. അവരുടെ ഐസൊലേഷനും അതാത് ഘട്ടങ്ങളില്‍ പൂര്‍ത്തിയായിരുന്നു. 53,708 വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. 118 പേരെയാണ് കിടത്തി ചികിത്സിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 107 പേര്‍ ചികിത്സ തേടിയിരുന്നു.
ആദ്യം തന്നെ നിപയാണെന്ന് കണ്ടുപിടിക്കാന്‍ സാധിച്ചു. വളരെ കൃത്യമായ ഇടപെടലുകള്‍ നടത്തിയതിന്റെ ഫലമായാണ് ഈ പകര്‍ച്ചവ്യാധിയെ പൂര്‍ണമായും പ്രതിരോധിക്കാന്‍ സാധിച്ചത്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത് സാധ്യമായത്. ആദ്യത്തെ മരണം ഉണ്ടായ രോഗിയുടെ കേസ്ഷീറ്റില്‍ ന്യുമോണിയ ആണെന്നാണ് പറഞ്ഞിരുന്നത്. ആ രീതിയില്‍ അടയാളപ്പെടുത്താത്തതിനാല്‍ സ്വാഭാവികമായും മറ്റ് സംശയങ്ങള്‍ ഇല്ലായിരുന്നു. ആ കുടുംബത്തിലെ മറ്റ് രണ്ട് പേര്‍ക്ക് പനി ഉണ്ടായപ്പോഴാണ് സംശയം ഉണ്ടായത്.
സെപ്റ്റംബര്‍ 10ന് ഫീല്‍ഡില്‍ നിന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും, ആശാപ്രവര്‍ത്തകയും അടങ്ങുന്നവര്‍ ജില്ലയിലേക്ക് വിവരം നല്‍കുന്നത്. ജില്ലാ സര്‍വയലന്‍സ് ഓഫീസറാണ് നിപ പരിശോധന കൂടി നടത്താന്‍ പറഞ്ഞത്. അതിന്റെയടിസ്ഥാനത്തിലാണ് നിപ പരിശോധനയിലേക്ക് പോകുന്നത്. 11നാണ് കോഴിക്കോട് നിപ പരിശോധന നടത്തിയത്. തുടര്‍ന്ന് ജാഗ്രത നിര്‍ദേശം നല്‍കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
കോഴിക്കോട് ജില്ലയ്ക്ക് മാത്രമായി ഒരു എസ്.ഒ.പി. വികസിപ്പിച്ചെടുത്തു. കോഴിക്കോട് ഏകാരോഗ്യത്തിന്റെ (വണ്‍ ഹെല്‍ത്ത്) ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ സ്ഥാപനതലത്തിലാക്കുന്നതിന് കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഭാവിയില്‍ ഇതൊരു റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. സ്ഥാപനം എന്ന നിലയില്‍ നാളെമുതല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. എല്ലാ ജില്ലകളിലും നേരത്തെ തന്നെ വണ്‍ ഹെല്‍ത്ത് ശക്തിപ്പെടുത്തിയിരുന്നു. നിപ പ്രതിരോധം, ചികിത്സ, ഗവേഷണം ഇതാണുദ്ദേശിക്കുന്നത്. ഇതിനെ നല്ലരീതിയില്‍ വികസിപ്പിക്കും.
മോണോക്ലോണല്‍ ആന്റിബോഡി തദ്ദേശിയമായി വികസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാസ്ഡ് വൈറോളജി, രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, പൂനൈ എന്‍.ഐ.വി. എന്നീ മൂന്ന് സ്ഥാപനങ്ങളിലൂടെയാണ് മോണോക്ലോണല്‍ ആന്റിബോഡി വികസിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
വയനാട് സെപ്റ്റംബറില്‍ ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഐസിഎംആര്‍ അറിയിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതു അവബോധത്തിന് വേണ്ടിയാണ് ഇക്കാര്യം പറയുന്നത്. വയനാട് വണ്‍ ഹെല്‍ത്തുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. 2022ല്‍ ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയിരുന്നു. പരിശീലനവും അവബോധവുമാണ് പ്രധാനം. എന്‍സഫലൈറ്റിസ്, ഗുരുതര ശ്വാസകോശ രോഗം എന്നിവയുള്ളവര്‍ക്ക് നിപയല്ലെന്ന് ഉറപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് പോലെ തന്നെ വയനാടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി തന്നെ കൊണ്ടുപോകും. രാജ്യത്ത് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ എവിടെയും നിപ സാധ്യത ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടനയും ഐസിഎംആറും കണ്ടെത്തിയിട്ടുള്ളത്. കേരളത്തില്‍ സംവിധാനങ്ങള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നതായും മന്ത്രി വ്യക്തമാക്കി.