കോഴിക്കോട് ആശുപത്രി ആക്രമണം

മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണം: ഐ.എം.എ.
 
IMA

കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെ നടന്ന വധശ്രമ കേസില്‍ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ എന്നിവര്‍ ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രസ്തുത വിഷയത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഇന്ന് (06.03.2023) കോഴിക്കോട് സിറ്റിയില്‍ നടത്തിയ സമരം പരിപൂര്‍ണമായിരുന്നു.

എല്ലാ പ്രമുഖ ആശുപത്രികളിലെയും ആയിരക്കണക്കിന് ഡോക്ടര്‍മാരാണ് പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തത്.

ആത്മവിശ്വാസത്തോടെ, ഭയപ്പാടില്ലാതെ രോഗ ചികിത്സ നടത്തുവാന്‍ പറ്റാത്ത സാഹചര്യം കേരളത്തില്‍ ഉണ്ടാകുന്നത് സ്വീകാര്യമല്ല.

അതിനാല്‍ തന്നെ ആശുപത്രി സംരക്ഷണ നിയമം ഉടനടി പരിഷ്‌കരിച്ച് സുരക്ഷിത മായി ജോലി ചെയ്യുവാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിച്ചുകൊണ്ട് ഡോക്ടര്‍മാരുടെ മനോവീര്യം നിലനിര്‍ത്തുന്ന നടപടികള്‍ ഉണ്ടാകണം.

പ്രതികളെ അറസ്റ്റ് ചെയ്യാത്ത സാഹചര്യം നിലനില്‍ക്കുകയാണെങ്കില്‍ കേരളത്തില്‍ ഉടനീളം സമരപരിപാടികളിലേക്ക് നീങ്ങുവാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ബന്ധിതമാകും.

ഭാവി സമരപരിപാടികള്‍ ആലോചിക്കുവാനായി സംയുക്ത സമരസമിതി രൂപീകരിച്ച് മുന്നോട്ടുപോകുവാന്‍ തീരുമാനിച്ചതായി അവര്‍ അറിയിച്ചു.