കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടിത്തം: അപകടത്തിന് പിന്നാലെ മരണം 5; കാരണം കണ്ടെത്താൻ പരിശോധനകൾ ഇന്ന്

കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടിത്തത്തിന് പിന്നാലെ മരിച്ച അഞ്ച് പേരുടെ മരണകാരണം സംബന്ധിച്ച് അവ്യക്തത തുടരുന്നു. ഇവരിൽ രണ്ട് പേരുടെ പോസ്റ്റ്മോർട്ടം പരിശോധന ഇന്ന് നടക്കും. മൂന്ന് പേരുടെ മരണം ശ്വാസം കിട്ടാതെയെന്ന ടി സിദ്ധിഖ് എംഎൽഎയുടെ ആരോപണം തള്ളി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രംഗത്ത് വന്നു. വെസ്റ്റ് ഹിൽ സ്വദേശിയായ ഗോപാലൻ, വടകര സ്വദേശിയായ സുരേന്ദ്രൻ, മേപ്പയൂർ സ്വദേശിയായ ഗംഗാധരൻ, മേപ്പാടി സ്വദേശി നസീറയും മറ്റൊരാളുമാണ് മരിച്ചത്. നസീറയുടെയടക്കം രണ്ട് പേരുടെ പോസ്റ്റ്മോർട്ടമാണ് ഇന്ന് നടക്കുക.
ഇന്നലെ രാത്രി 8 മണിയോടെയാണ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനോട് ചേർന്ന് യുപിഎസ് റൂമിൽ നിന്നും പുക ഉയർന്നത്. യുപിഎസ് റൂമിൽ ഷോർട് സർക്യുട്ട് ഉണ്ടായെന്നാണ് പ്രാഥമിക നിഗമനമെന്ന് ജില്ലകളക്ടർ വ്യക്തമാക്കി. 200ൽ അധികം രോഗികളെയാണ് ഇന്നലെ മാത്രം മെഡിക്കൽ കോളേജിൽ നിന്ന് മറ്റ് സർക്കാർ-സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയത്. അത്യാഹിത വിഭാഗം ബ്ലോക്ക് മുഴുവനും ഒഴിപ്പിച്ചു. അത്യാഹിത വിഭാഗത്തിലെ രോഗികളെ മെഡിക്കൽ കോളേജിലെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റി.
അത്യാഹിത വിഭാഗം ഉൾപ്പെടുന്ന ന്യൂ ബ്ലോക്കിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും ഫയർഫോഴ്സിന്റെയും പരിശോധന ഇന്ന് നടക്കും.