KSRTC: കടുത്ത സമരങ്ങളിലേക്ക് ഐഎൻറ്റിയുസി

കെഎസ്ആർടിസിയിൽ ബോധപൂർവ്വം തൊഴിലാളികളുടെ ശംബളം മുടക്കുന്നതിനെതിരേ ഐഎൻടിയുസി യൂണിയൻ പണിമുടക്ക് ഉൾപ്പെടെയുള്ള കടുത്ത സമരങ്ങളിലേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ഇതിന്റെ ആദ്യ ഘട്ടമായി ആഗസ്റ്റ് നാലിന് സംസ്ഥാന ഭാരവാഹികളുടെ യോഗവും അഞ്ചാം തീയതി കേരളത്തിലെ എല്ലാ ഡിപ്പോകളിലേയും ഐഎൻറ്റിയുസി നേതാക്കളെ ഉൾപ്പെടുത്തിയുള്ള സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും എഴാം തീയതി റ്റിഡിഎഫ് സംസ്ഥാന കമ്മിറ്റിയും വിളിച്ചു ചേർക്കാൻ തീരുമാനിച്ചതായി റ്റിഡിഎഫ് വർക്കിംഗ് പ്രസിഡന്റ് എം.വിൻസെന്റ് എംഎൽഎ അറിയിച്ചു.
ഐഎൻറ്റിയുസി യൂണിയൻ കഴിഞ്ഞ കാലങ്ങളിൽ സിഎംഡിയുടെ വസതിയിലേക്ക് ഉൾപ്പെടെയുള്ള ശക്തമായ സമരങ്ങൾ നടത്തി വന്നെങ്കിലും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് സമരങ്ങൾ തൽക്കാലത്തേക്ക് നിർത്തി വച്ചതെന്നും നേത്യ യോഗങ്ങൾക്ക് ശേഷം എല്ലാ യൂണിയനുകളേയും കൂടെ നിർത്തിയുള്ള അതിശക്തമായ സമരങ്ങൾക്ക് റ്റിഡിഎഫ് നേത്യത്വം നൽകുന്നതിൽ തീരുമാനമെടുക്കും എന്നും എം.വിൻസെന്റ് പറഞ്ഞു.
പ്രതിമാസം ഇരുന്നൂറ്റി ഇരുപത് കോടി രൂപയുടെ വരുമാനം ഉണ്ടായിട്ടും ജീവനക്കാരുടെ ശമ്പളം നൽകാതിരുന്നാൽ പിന്നെ ജോലി ചെയ്യണമോയെന്ന് തൊഴിലാളികൾക്ക് ആലോചിക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പും നൽകി.