കുടുംബശ്രീ ദേശീയ സരസ് മേള 2026; പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു

 
KM S

കുടുംബശ്രീ ദേശീയ സരസ് മേള 2026ന്റെ പ്രചാരണ പോസ്റ്റർ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ വി. വിഘ്നേശ്വരിക്ക് നൽകി പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ പബ്ലിക് റിലേഷൻസ് ഓഫീസർ ബി. സേതുരാജ്, പ്രോഗ്രാം ഓഫീസർ ലിഷ മോഹൻ എം., മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കുഞ്ഞിമുഹമ്മദ് കെ.ടി., അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരായ മുഹമ്മദ് യൂനസ് ടി.കെ., അജ്മൽ ജെ. എന്നിവർ പങ്കെടുത്തു.

ഡിസംബർ 22 മുതൽ 31 വരെ മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് ദേശീയ സരസ് മേള സംഘടിപ്പിക്കുന്നത്. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെയും നിയമസഭാ മണ്ഡലങ്ങളിലെയും ജനപ്രതിനിധികൾ ഔദ്യോഗിക പോസ്റ്ററിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കും.

നവംബർ 29ന് സരസ് ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 10ന് കുടുംബശ്രീയുടെ 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലെ 48 ലക്ഷത്തിലേറെ അംഗങ്ങൾ വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചാരണ പോസ്റ്റർ സ്റ്റാറ്റസായി പങ്കുവെക്കും. ഡിസംബർ ഒന്നുമുതൽ സംസ്ഥാനവ്യാപകമായി ഓൺലൈൻ പ്രചാരണ കാമ്പയിനും ആരംഭിക്കും.