ഉമ്മൻചാണ്ടിക്കെതിരെ ഇടത് സർക്കാർ കേസൊന്നും കൊടുത്തിട്ടില്ലെന്ന് ഇപി ജയരാജൻ

 
E P

അന്തരിച്ച കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിക്കെതിരെ ഇടത് സർക്കാർ കേസൊന്നും കൊടുത്തിട്ടില്ലെന്ന് ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ. ഉമ്മൻ ചാണ്ടിയെ സിപിഎം വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും, തെറ്റായ വാക്കുകൾ ഉപയോഗിക്കരുതെന്ന് നിഷ്കർഷിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇപി ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു.

സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ വന്ന പരാതി കൈകാര്യം ചെയ്യുക മാത്രമാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. ഒരാളേയും വ്യക്തിഹത്യ നടത്താൻ തയ്യാറായിട്ടില്ല. വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് നിലപാട്. വേട്ടയാടലിന്റെ രാഷ്ട്രീയം കൂടുതൽ ചേരുന്നത് കോൺഗ്രസിനാണെന്ന് പറഞ്ഞ ഇപി, മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ് കോൺഗ്രസും യുഡിഎഫുമെന്നും കുറ്റപ്പെടുത്തി.

സിപിഎം സംഘടനാ സംവിധാനം എപ്പോൾ തെരഞ്ഞെടുപ്പ് വന്നാലും നേരിടാൻ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞാൽ തീരുമാനം ഉടനുണ്ടാകും. തെരഞ്ഞെടുപ്പ് വ്യക്തിപരമായ മത്സരമല്ലെന്ന് പുതുപ്പള്ളിയിൽ മത്സരം ഒഴിവാക്കണമെന്ന കെപിസിസി പ്രസിഡന്റിന്റെ ആവശ്യം തള്ളിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഇഎംഎസിനും നായനാർക്കും എതിരെ മത്സരം ഉണ്ടായിട്ടില്ലേയെന്ന് ചോദിച്ച ഇടത് കൺവീനർ, ദുർബല രാഷ്ട്രീയമുള്ളവരാണ് തെരഞ്ഞെടുപ്പ് ഭയപ്പെടുന്നതെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയ നയങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്നും വിശദീകരിച്ചു.

രാഷ്ട്രീയമായ ആശയ പ്രചരണത്തിനുള്ള വേദിയാണ് തെരഞ്ഞെടുപ്പ്. ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പങ്കെടുത്തതിൽ അങ്ങേ അറ്റത്തെ അഭിമാനമുണ്ട്. അ സംസ്കാരം കോൺഗ്രസിന് ഇല്ലാതെ പോയല്ലോ. മുഖ്യമന്ത്രിക്കെതിരായ വിമർശനം അപക്വ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു. മന്ത്രിസഭാ പുനസംഘടനാ ചർച്ച ഇടത് മുന്നണി യോഗത്തിൽ നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ ധാരണ ഉണ്ടെന്നും അതനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇടത് നയത്തോട് ആഭിമുഖ്യമുള്ള പല പാർട്ടികളും യുഡിഎഫ് വിട്ടുവരാൻ തയ്യാറാകുന്നുണ്ട്. ആരെങ്കിലും വരുന്നതല്ലാതെ ആരെങ്കിലും വിട്ടുപോകുന്ന പ്രശ്നം ഇടത് മുന്നണിയിലില്ലെന്നും ഇപി ജയരാജൻ ചൂണ്ടിക്കാട്ടി.