നിയമ നിർമ്മാണം കര്‍ഷകരുടെ താൽപര്യങ്ങൾ സംരക്ഷിച്ച്: മന്ത്രി. ജെ. ചിഞ്ചു റാണി

കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉല്പാദനവും വില്പനയും നിയന്ത്രിക്കൽ) ബിൽ സംബന്ധിച്ച തെളിവെടുപ്പ് പൂർത്തിയായി
 
minister

കർഷകരുടെ ആശങ്കകൾ പരിഗണിച്ചും താൽപര്യങ്ങൾ  സംരക്ഷിച്ചും കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം - ഉല്‍പാദനം, സംഭരണം, വിതരണം, വിപണനം . നിയന്ത്രിക്കുന്നതിനുളള നിയമം നടപ്പിലാക്കുമെന്ന്  മൃഗ സംരക്ഷണ -ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ കര്‍ഷക പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട്  ആസൂത്രണ സമിതി ഹാളിൽ നടന്ന നിയമസഭ സമിതി തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീര കർഷകർ, കർഷക സംഘങ്ങൾ, പൊതുജനങ്ങൾ എന്നിവർ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തി.

 സുരക്ഷിതവും ഗുണമേന്മയുളളതുമായ തീറ്റ ലഭ്യത ഉറപ്പാക്കുന്നതിനും തീറ്റകളിലെ മായം കലര്‍ത്തലും, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കാലിത്തീറ്റയുടെ വരവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം നടപ്പിലാക്കുന്നത്. സമിതി അംഗങ്ങള്‍ നിലവില്‍ നിയമം നടപ്പാക്കിയ പഞ്ചാബ്, ഗുജറാത്ത്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തി കഴിഞ്ഞു. എറണാകുളത്ത് നടന്ന തെളിവെടുപ്പോടെ
14 ജില്ലകളിലും നിയമസഭ തെളിവെടുപ്പ് സമിതി യോഗം പൂർത്തിയായി.

തീറ്റകളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ കര്‍ഷകരിൽ നിന്നും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കപ്പെടുന്നതോ വില്‍പന നടത്തുന്നതോ ആയ തീറ്റകള്‍ക്ക് നിയന്ത്രണങ്ങളുമില്ലാത്ത സാഹചര്യത്തിൽ ഗുണനിലവാരം ഉറപ്പാക്കാൻ പുതിയ നിയമത്തിലൂടെ സാധിക്കും. തീറ്റയില്‍ ചേര്‍ത്തിരിക്കുന്ന അസംസ്കൃത വസ്തുക്കളെ കുറിച്ചും അളവ് തൂക്കം, കാലാവധി,  തുടങ്ങിയ വിവരങ്ങളും പാക്കറ്റില്‍ രേഖപ്പെടുത്താനും നിയമത്തില്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

കാലിത്തീറ്റയുടെ കൃത്യമായ പ്രയോഗത്തെക്കുറിച്ച് കർഷകരെ ബോധവാന്മാരാക്കാൻ സെമിനാറുകൾ സംഘടിപ്പിക്കും. കൃത്യസമയങ്ങളിൽ കന്നുകാലികൾക്ക് ചികിത്സ ഉറപ്പാക്കുന്നതിന് ബ്ലോക്ക് കേന്ദ്രങ്ങളിൽ വാഹനങ്ങൾ നൽകും. ഡോക്ടറുടെയും അറ്റൻഡറുടെയും സേവനം ഉറപ്പുവരുത്തും. മൃഗാശുപത്രികളിൽ രാത്രികാലങ്ങളിലും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തും. മായം ഉള്‍പ്പടെ കണ്ടെത്താന്‍ ഉന്നത നിലവാരത്തിലുള്ള ലാബുകള്‍ സ്ഥാപിക്കും. ക്ഷീര സാന്ത്വനം ഇന്‍ഷുറന്‍സ് പദ്ധതി വീണ്ടും നടപ്പാക്കും. എല്ലാ ബ്ലോക്കുകളിലും മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ സജ്ജമാക്കുമെന്നും കർഷകർക്ക് ഇൻഷുറൻസ് സബ്സിഡി തുടങ്ങിയവ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 


ഗുണനിലവാരമില്ലാത്ത തീറ്റയിലൂടെ നിരവധി അസുഖങ്ങളും വളര്‍ത്ത് മൃഗങ്ങള്‍ക്കുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കും. ചക്ക, കപ്പ,  തുടങ്ങിയ വസ്തുക്കളിൽ നിന്ന് കാലിത്തീറ്റ  ഉത്പാദിപ്പിക്കുന്നതിനുള്ള  ശ്രമങ്ങൾ നടത്തും.  ചോളം തുടങ്ങിയ ധാന്യങ്ങൾ കൂടുതലായി ഉല്പാദിപ്പിച്ച് കാലി തീറ്റയാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും. നിലവിലുള്ള കന്നുകാലികളിൽ പാൽ ലഭ്യത വർദ്ധിപ്പിക്കുന്നതിനുള്ള  ആവശ്യമായ സംവിധാനങ്ങൾ ഒരുക്കും. "കിടാരി പാർക്ക് മോഡൽ " കന്നുകാലികളെ കൃത്യമായി വളർത്തി പരിപാലിക്കുന്നതിനുള്ള സംവിധാനം ജില്ലകളിൽ നടപ്പിലാക്കും.

എം.എൽ.എമാരായ അൻവർ സാദത്ത്, സി. എച്ച് കുഞ്ഞമ്പു, കെ. പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ. ഡി പ്രസേനൻ, ജി. എസ് ജയലാൽ, സി. കെ ആശ, ജോസ് മൈക്കിൾ, കെ. കെ രമ, നിയമസഭാ ജോയിന്റ് സെക്രട്ടറി വി.ജി റിജു, മിൽമ ചെയർമാൻ എം.ടി ജയൻ, കേരള ഫീഡ്സ് മാനേജിങ് ഡയറക്ടർ ബി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.