ലൈഫ് മിഷൻ കേസ്; സി.എം.രവീന്ദ്രനെതിരെ കൂടുതല്‍ തെളിവുകളുമായി ഇഡി

 
ravi

ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെതിരെ കൂടുതൽ തെളിവുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പദ്ധതിയുമായി ബന്ധപ്പെട്ട ഗൂഡാലോചനയിൽ രവീന്ദ്രനും പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചു.

രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറിലധികം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെയും ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി ജോസിന്‍റെയും മൊഴികളാണ് രവീന്ദ്രനെ പ്രതിക്കൂട്ടിലാക്കുന്ന പ്രധാന മൊഴികൾ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളിലും തീരുമാനങ്ങളിലും ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്കുണ്ടെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.

മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് ധാരണാപത്രം ഒപ്പിട്ടതെന്ന് യു വി ജോസും പറഞ്ഞു. 2019 ഓഗസ്റ്റിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിൽ സർക്കാരിൽ നിന്ന് ലഭിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ധാരണാപത്രം ഒപ്പിട്ടതെന്ന് വ്യക്തമാക്കിയിരുന്നു. രവീന്ദ്രന്‍റെ പങ്കാളിത്തം സൂചിപ്പിക്കുന്ന നിർണായക ഡിജിറ്റൽ തെളിവുകളും ഇ.ഡി ശേഖരിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസത്തെ ചോദ്യം ചെയ്യൽ നടത്തിയത്. പദ്ധതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും എല്ലാ തീരുമാനങ്ങളും എടുത്തത് എം ശിവശങ്കറും യു.വി ജോസും ചേർന്നാണെന്നായിരുന്നു രവീന്ദ്രന്‍റെ മൊഴി. രവീന്ദ്രന്‍റെ പങ്ക് വെളിവാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ നടന്നത്. ഇതിന് വ്യക്തമായ ഉത്തരം നൽകാൻ രവീന്ദ്രന് കഴിഞ്ഞിട്ടില്ല.