സാക്ഷരത - തുല്യതാപരീക്ഷകൾക്ക് തുടക്കമായി
കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഏഴാംതരം തുല്യതാപരീക്ഷയ്ക്ക് ശനിയാഴ്ച തുടക്കമായി. സംസ്ഥാനത്ത് 3161 പേരാണ് ഏഴാംതരം തുല്യതാപരീക്ഷയെഴുതിയത്. തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളിൽ നടൻ ശ്രീ ഇന്ദ്രൻസ് ഏഴാം തരം തുല്യതാപരീക്ഷ എഴുതി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളുടെ പരീക്ഷയാണ് ഇന്ന് നടന്നത്. നാളെ
( ഞായർ )സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിൽ പരീക്ഷകൾ നടക്കും. നാലാംതരം തുല്യത 16-ാം ബാച്ചിന്റെ പരീക്ഷയും നാളെ നടക്കും നാലാംതരത്തിൽആകെ 848 പേർ പരീക്ഷയെഴുതും. പട്ടികജാതി വിഭാഗത്തിൽപെട്ടവർക്കായി നടത്തുന്ന നവചേതനപദ്ധതിയുടെ നാലാംതരം പരീക്ഷയും നാളെ നടക്കും. 4636 പേർ നവചേതന നാലാംതരം പരീക്ഷയിൽ പങ്കെടുക്കും. ഞായറാഴ്ച രാവിലെ 10 ന് ആരംഭിക്കുന്ന പരീക്ഷ പകൽ 2.30 ന് അവസാനിക്കും. മലയാളം, നമ്മളും നമുക്കുചുറ്റും, ഗണിതം, ഇംഗീഷ് വിഷയങ്ങളിലാണ് പരീക്ഷ നടക്കുക.
സാക്ഷരത മികവുത്സവവും നാളെ നടക്കും. 597 പേർ സാക്ഷരതാമികവുത്സവത്തിൽ പങ്കെടുക്കും. ഇതര സംസ്ഥാന തൊഴിലാളികൾക്കായി നടത്തുന്ന ചങ്ങാതി പദ്ധതിയുടെ ഭാഗമായുള്ള മികവുത്സവത്തിൽ 3161 പേരും ഞായറാഴ്ച പരീക്ഷയെഴുതും.