ലോക്‌സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്

ആറ് ജില്ലകളില്‍ 75 ശതമാനം ബൂത്തുകളില്‍ തത്സമയ നിരീക്ഷണം
 
Kerala elcetion
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്തെ ബാക്കി ആറ് ജില്ലകളില്‍ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. എന്നാല്‍ ഈ ജില്ലകളിലെ മുഴുവന്‍ പ്രശ്‌ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും. ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും കാമറ സ്ഥാപിക്കും. 
ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന്  മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. തത്സമയ നിരീക്ഷണത്തിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ കളക്ടറേറ്റുകളിലുമാണ് കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കുക.