ലുലു ഗ്രൂപ്പിന് ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗണ്സിലിന്റെ ഗ്രീൻ ചാമ്പ്യൻ ദേശീയ അവാർഡ്

ഹരിതചട്ടങ്ങൾ പാലിച്ചുള്ള ലുലു ഗ്രൂപ്പിന്റെ നിർമ്മിതികൾ പ്രശംസനീയമെന്ന് പുരസ്കാര സമിതി
 
lulu

പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന്യം വിളിച്ചോതിയുള്ള ലുലു ഗ്രൂപ്പിന്റെ നിർമ്മിതികൾക്ക് ദേശീയ പുരസ്കാരം. ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗണ്സിലിന്റെ ഈ വർഷത്തെ 
ഗ്രീൻ ചാമ്പ്യൻ അവാർഡ് ലുലു ഗ്രൂപ്പിന് ലഭിച്ചു. ഇൻഡ്യയിൽ ഉടനീളമുള്ള ലുലുഗ്രൂപ്പിന്റെ വിവിധ പ്രൊജെക്ടുകളിൽ ഗ്രീൻ ബിൽഡിംഗ് സെർട്ടിഫിക്കേഷൻ ഇതിനോടകം നേടുകയും, ഗ്രീൻ ബിൽഡിംഗ് പ്രസ്ഥാനത്തോടുള്ള ലുലു ഗ്രൂപ്പിന്റെ ഉറച്ച പ്രതിബദ്ധതയും കണക്കിലെടുത്താണ് അവാർഡ്. ഹരിതചട്ടങ്ങൾ പാലിച്ചുള്ള ലുലു ഗ്രൂപ്പിന്റെ നിർമ്മിതികൾ പ്രശംസനീയമെന്ന് ചൂണ്ടികാട്ടിയ പുരസ്കാര സമിതി ഈ നീക്കങ്ങൾ കാർബൺ എമിഷൻ കുറക്കാനും ഊർജ്ജ സ്രോതസ്സുകളുടെയും ജലത്തിന്റെയും ഭാവി സംരക്ഷണത്തിന് പിന്തുണ നൽകുന്നുവെന്നും വിലയിരുത്തി. പ്രകൃതിയോട് ചേർന്നുള്ള ലുലു ഗ്രൂപ്പിന്റെ ഈ പ്രവർ‌ത്തനങ്ങൾ മാതൃകാപരമെന്നും പുരസ്കാര സമിതി അഭിപ്രായപ്പെട്ടു.

 കോർപ്പറേറ്റ് ലീഡിങ് ദി ഗ്രീൻ ബിൽഡിംഗ് മൂവ്മെന്റ് ഇൻ ഇന്ത്യ -കൊമേർഷ്യൽ " വിഭാഗത്തിലാണ് ലുലു ഗ്രൂപ്പ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. കൂടാതെ ലുലു മാൾ കൊച്ചിക്ക് ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ സിൽവർ സർട്ടിഫിക്കേഷനും ലഭിച്ചു. എക്കാലവും സാമൂഹിക പ്രതിബദ്ധതയോടെ മുന്നേറുന്ന ലുലു ഗ്രൂപ്പിന് മുന്നോട്ടുള്ള പ്രയാണത്തിന് ഏറെ പ്രചോദനം നൽകുന്നതാണ് ഈ അവാർഡ് എന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ എം എ നിഷാദ് അഭിപ്രായപ്പെട്ടു. 

21മത് ഗ്രീൻ ബിൽഡിംഗ് കോൺഗ്രസിന്റെ ഭാഗമായി ചെന്നൈ ട്രേഡ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ആൻഡ് സിഇഒ എം എ നിഷാദ് , കൊമേർഷ്യൽ മാനേജർ സാദിഖ് കാസ്സിം , ചീഫ് എഞ്ചിനീയർ പ്രസാദ് എന്നിവർ ചേർന്ന് അവാർഡുകൾ ഏറ്റുവാങ്ങി. തമിഴ്‌നാട് അഡീഷണൽ ചീഫ് സെക്രട്ടറി ആൻഡ് കമ്മീഷണർ ഡോ. ജെ രാധാകൃഷ്ണൻ ഐഎഎസ് മുഖ്യ അതിഥിയായ ചടങ്ങിൽ ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ ചെയർമാൻ ഗുർമീത് സിംഗ് അറോറ , വൈസ് ചെയർമാൻ ബി ത്യാഗരാജൻ, ചെന്നൈ ചാപ്റ്റർ ചെയർമാൻ അജിത് കുമാർ ചോർദിയ ,  ഹൈദരാബാദ് ചാപ്റ്റർ കോചെയർമാൻ ശ്രീനിവാസ് മൂർ‌ത്തി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു