ടി എം സി സംഗീതപ്രഭ പുരസ്കാരം എം ജയചന്ദ്രന്
തിരുവനന്തപുരം മ്യൂസിക് ക്ലബ്- ടി എം സി ഏർപ്പെടുത്തിയ സംഗീതപ്രഭ പുരസ്കാരം സംഗീത സംവിധായകൻ എം ജയചന്ദ്രന്. ടി എം സി ഓണാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിൽ എൻ കെ പ്രേമചന്ദ്രൻ എം പി പൊന്നാടയും ഉപഹാരവും പതിനായിരം രൂപയുമടങ്ങുന്ന പുരസ്കാരം ജയചന്ദ്രനു സമ്മാനിച്ചു.
ചെറിയാൻ ഫിലിപ്, ഡി ചന്ദ്രസേനൻ നായർ, കേണൽ ജയകുമാർ എന്നിവരടങ്ങിയ സമിതിയാണ് തെരഞ്ഞെടുപ്പു നടത്തിയത്. സമഗ്ര സംഭാവനയ്ക്കുള്ള ആദ്യ പുരസ്കാരം കഴിഞ്ഞവർഷം ലഭിച്ചത് കവിയും ഗാന രചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറിനാണ്.
ടി എം സി യുവ പ്രതിഭാ പുരസ്കാരം നാലാഞ്ചിറ നവജീവൻ ബഥനി സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി അമൃതാ സുരേഷിന് സമ്മാനിച്ചു. പുരസ്കാരദാനച്ചടങ്ങിൽ ടി എം സി പ്രസിഡൻറ് ഡോ എം അയ്യപ്പൻ,സെക്രട്ടറി ജി സുരേഷ് കുമാർ, വൈസ് പ്രസിഡൻറ് ബിജു ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം ആസ്ഥാനമായുള്ള ഗായകരുടെയും സംഗീത പ്രേമികളുടെയും കുടുംബ കൂട്ടായ്മയാണ് ടി എം സി.