മധു വധക്കേസ്: 13 പ്രതികള്‍ക്കും ഏഴുവര്‍ഷം കഠിനതടവ് വിധിച്ച് കോടതി

 
madhu

അട്ടപ്പാടി മധു വധക്കേസില്‍ 16 പ്രതികളിൽ പതിമൂന്ന് പ്രതികൾക്കും ഏഴ് വർഷം കഠിന തടവ് വിധിച്ച് കോടതി. ഒന്നാം പ്രതി ഹുസൈൻ ഒരു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു. പിഴത്തുക പകുതി മധുവിന്റെ അമ്മയ്ക്ക് നൽകണമെന്നും കോടതി. കേസിലെ 16-ാം പ്രതിയായ മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 352-ാം വകുപ്പ് (പെട്ടെന്നുണ്ടായ പ്രകോപനം മൂലമുള്ള ആക്രമണം) ചുമത്തിയാണ് ഇയാള്‍ കുറ്റക്കാരനെന്നു കണ്ടെത്തിയത്.

മൂന്നുമാസംവരെ തടവുലഭിക്കാവുന്ന കുറ്റമാണിത്. എന്നാല്‍ റിമാന്‍ഡ് കാലത്തുതന്നെ ശിക്ഷയുടെ കാലയളവ് പൂര്‍ത്തിയാക്കിയതിനാല്‍ ഇയാള്‍ തടവ് അനുഭവിക്കേണ്ടതില്ല. 500 രൂപ പിഴയടച്ചാല്‍ ഇയാള്‍ക്ക് ജയില്‍മോചിതനാകാം. മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി. പ്രത്യേക കോടതി ജഡ്ജി കെ.എം. രതീഷ്‌കുമാറാണ് പ്രതികളുടെ ശിക്ഷ വിധിച്ചത്. പ്രതികളെ തവനൂർ ജയിലിലേക്ക് മാറ്റും. അതേസമയം കൂറ് മാറിയ സാക്ഷികൾക്ക് എതിരെ നടപടിക്ക് കോടതി നിർദേശം നൽകി. 

16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് ഇന്നലെ മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി വധിച്ചിരുന്നു. ഇതിൽ മുനീർ ഒഴിച്ച് 13 പേർക്കെതിരെയും നരഹത്യാ കുറ്റം ചുമത്തിയിരുന്നു. രണ്ട് പേരെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. നാലും പതിനൊന്നും പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഒന്നും രണ്ടും മൂന്നും അഞ്ചും ആറും ഏഴും എട്ടും ഒമ്പതും പത്തും പന്ത്രണ്ടും പതിമൂന്നും പതിനാലും പതിന‍ഞ്ചും പതിനാറും പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇതിൽ 13 പേർക്കെതിരെയാണ് നരഹത്യ കുറ്റം ചുമത്തിയിരിക്കുന്നത്. 

നാലാംപ്രതി കക്കുപ്പടി കുന്നത്തുവീട്ടില്‍ അനീഷ്, 11-ാം പ്രതി മുക്കാലി ചോലയില്‍ അബ്ദുള്‍ കരീം എന്നിവരെയാണ് കേസില്‍ വെറുതെവിട്ടത്. ഭക്ഷണത്തിന് അരി മോഷ്ടിച്ചെന്നാരോപിച്ചുനടന്ന ആള്‍ക്കൂട്ട വിചാരണയ്ക്കിടെ മര്‍ദനമേറ്റ മധു 2018 ഫെബ്രുവരി 22-നാണ് കൊല്ലപ്പെട്ടത്. അട്ടപ്പാടി കാട്ടിലെ ഗുഹയില്‍നിന്ന് ഒരുകൂട്ടം ആളുകള്‍ മധുവിനെ പിടികൂടി മുക്കാലിയില്‍ കൊണ്ടുവന്ന് ആള്‍ക്കൂട്ട വിചാരണനടത്തി മര്‍ദിച്ചു. തുടര്‍ന്ന് മധു കൊല്ലപ്പെട്ടെന്നാണ് പ്രോസിക്യൂഷന്‍ കേസ്.