കാന്‍സര്‍ ചികിത്സാ രംഗത്ത് മലബാര്‍ കാന്‍സര്‍ സെന്റര്‍ കുതിയ്ക്കുന്നു
തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ കിഫ്ബി പദ്ധതി രണ്ടാം ഘട്ടത്തിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 14 നില ബ്ലോക്കിന്റെ ശിലാസ്ഥാപനം, 3 ടെസ്ല എംആര്‍ഐ സ്‌കാനര്‍, ഡെക്‌സാ സ്‌കാനര്‍, ഗാലിയം ജനറേറ്റര്‍, ബയോ ഫീഡ്ബാക്ക് ഡിവൈസ്, ജല ശുദ്ധീകരണ പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനം ഫെബ്രുവരി 24ന് വൈകുന്നേരം 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ മുഖ്യാതിഥികളാകും. എംപിമാരായ കെ. മുരളീധരന്‍, വി. ശിവദാസന്‍, സന്തോഷ് കുമാര്‍ പി, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.
മലബാര്‍ കാന്‍സര്‍ സെന്ററിന്റെ വികസനത്തില്‍ നാഴികകല്ലുകളായ പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എം.സി.സിയെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ച് ആയി ഉയര്‍ത്തിയിരുന്നു. ഉടന്‍ തന്നെ റോബോട്ടിക് സര്‍ജറി സജ്ജമാകും. അടുത്തിടെ എം.സി.സി. കാന്‍സര്‍ ചികിത്സയില്‍ അപൂര്‍വ നേട്ടം കൈവരിച്ചു. കണ്ണിലെ കാന്‍സര്‍ ചികിത്സിക്കാനുള്ള ഒക്യുലാര്‍ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ നടത്തുന്ന രാജ്യത്തെ നാലാമത്തെ സര്‍ക്കാര്‍ ആശുപത്രിയായി എം.സി.സി. മാറി. പുതിയ പദ്ധതികളിലൂടെ എം.സി.സി.യില്‍ വലിയ മാറ്റം വരുമെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്ന കേരളത്തിലെ ആരോഗ്യമേഖലയിലെ ഏറ്റവും ബൃഹത്തായ പദ്ധതിയാണ് 'ഡെവലപ്‌മെന്റ് ഓഫ് മലബാര്‍ കാന്‍സര്‍ സെന്റര്‍'. ഈ പദ്ധതിക്കായി 565.25 കോടി രൂപയുടെ ഭരണാനുമതിയും 398.31 കോടി രൂപയുടെ സാമ്പത്തിക അനുമതിയും നല്‍കിയിട്ടുണ്ട്. 14 നിലകളുള്ള ഈ ആശുപത്രി സമുച്ചയത്തിന് 5,52,000 ഓളം അടി വിസ്തീര്‍ണമുണ്ട്.
സാധാരണ എംആര്‍ഐയെക്കാള്‍ ഉയര്‍ന്ന സിഗ്‌നല്‍ ടു നോയ്സ് പ്രദാനം ചെയ്യുന്നതാണ് 18.5 കോടി രൂപയുടെ 3 ടെസ്‌ല എംആര്‍ഐ. തലച്ചോറിലുള്ള മുഴകള്‍, കിമോ തെറാപ്പി, റേഡിയേഷന്‍ എന്നിവ കഴിഞ്ഞതിന് ശേഷമുള്ള മുഴകളുടെ പരിശോധന, ശസ്ത്രക്രിയകള്‍ക്ക് മുമ്പുള്ള മുഴകളുടെ വിശകലനം എന്നിവയ്ക്ക് 3 ടെസ്‌ല എംആര്‍ഐ ഉപകാരപ്രദമാണ്. ഉയര്‍ന്ന അപകട സാധ്യതയുള്ള രോഗികള്‍ക്ക് അസ്ഥി ബലപ്പെടുത്തുന്ന ചികിത്സ നല്‍കാന്‍ സഹായിക്കുന്നതാണ് 53.50 ലക്ഷം രൂപ ചെലവഴിച്ചുള്ള ഡെക്‌സാ സ്‌കാനര്‍.
പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന കാന്‍സറിന്റേയും ന്യൂറോ എന്‍ഡോക്രൈന്‍ വിഭാഗത്തില്‍പ്പെടുന്ന കാന്‍സറുകളുടേയും രോഗ നിര്‍ണയത്തിനാവശ്യമായ റേഡിയോ ഫാര്‍മസ്യൂട്ടിക്കലുകള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് 65 ലക്ഷത്തോളം ചെലഴിച്ചുള്ള ജെര്‍മേനിയം ഗാലിയം ജനറേറ്റര്‍. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കാന്‍സര്‍ സെന്ററില്‍ സൈക്കോ-ഓങ്കോളജി വിഭാഗത്തോട് ചേര്‍ന്ന് 7.61 ലക്ഷത്തോളം ചെലവഴിച്ച് ബയോ ഫീഡ്ബാക്ക് ഉപകരണം സജ്ജമാക്കുന്നത്. ബയോഫീഡ്ബാക്ക് ഡിവൈസ് ഉപയോഗിച്ച് മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ, വേദന, മനസിന്റെ സ്വാധീനത്താലുള്ള മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നിവ കൈകാര്യംചെയ്യുവാന്‍ സാധിക്കും. 7.61 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് ഈ ഉപകരണം സജ്ജമാക്കിയത്. 1 കോടി രൂപ ചെലഴിച്ചാണ് പ്രതിദിനം 400,000 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന ജല ശുദ്ധീകരണ പ്ലാന്റ് സജ്ജമാക്കിയിരിക്കുന്നത്.