തൊഴില്‍ സ്ഥലത്തെ മാനസിക പീഡനം; ഉദ്യോഗസ്ഥരില്‍ നിന്നു വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

 
women

ഔദ്യോഗിക രംഗത്ത് വനിതയെ മാനസികമായി പീഡിപ്പിക്കുന്നതായുള്ള പരാതിയില്‍ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. ചങ്ങനാശേരി ഇഎംഎസ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രനാണ് ഇതുസംബന്ധിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ നിര്‍ദേശിച്ചത്.  


    ഭര്‍ത്താവിന് മറ്റൊരു സ്ത്രീയില്‍ നിന്ന് നേരിടുന്ന മാനസിക പീഡനങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നതിനായി ഭാര്യ നല്‍കിയ പരാതിയും സിറ്റിംഗില്‍ പരിഗണിച്ചു. തന്റെ ഔദ്യോഗിക ജോലിയില്‍ പുറത്ത് നിന്നുള്ള വ്യക്തികള്‍ കൈകടത്തുന്നതായുള്ള വനിതയുടെ പരാതിയും പരിഗണിച്ചു. വനിതയുടെ വീട്ടിലേക്ക് അയല്‍വാസി മലിനജലം ഒഴുക്കി വിടുന്നതായുള്ള പരാതിയില്‍ പരിശോധന നടത്തുന്നതിന് ജാഗ്രത സമിതിയെ കമ്മിഷന്‍ ചുമതലപ്പെടുത്തി. പ്രായമായ അമ്മമാരെ മക്കള്‍ നോക്കുന്നില്ല, ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കണം, വഴി തര്‍ക്കം തുടങ്ങിയ കേസുകളും പരിഗണിച്ചു.


    സിറ്റിംഗില്‍ ആകെ 70 പരാതികള്‍ പരിഗണിച്ചു. 18 എണ്ണം പരിഹരിച്ചു. അഞ്ച് പരാതികളില്‍ റിപ്പോര്‍ട്ട് തേടി. 47 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. അഡ്വ. മീര രാധാകൃഷ്ണന്‍, അഡ്വ. സി.കെ. സുരേന്ദ്രന്‍ തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.