ഭിന്നശേഷിസഹായ ഉപകരണങ്ങൾ മന്ത്രി ആർ.ബിന്ദു വിതരണം ചെയ്തു

 
bindhu

സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കുള്ള സഹായഉപകരണങ്ങളുടെ വിതരണരോദ്ഘാടനം സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ.ബിന്ദു നിർവഹിച്ചു. ശാരീരികവും മാനസികവുമായ പരിമിതികൾ മറികടക്കാൻ ഭിന്നശേഷി സമൂഹത്തിന് എല്ലാ സംവിധാനവും ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. വികലാംഗക്ഷേമ കോർപ്പറേഷന്റെ കീഴിലുള്ള സഹായഉപകരണ നിർമാണകേന്ദ്രങ്ങൾ കാലോചിതമായി നവീകരിക്കും. വിദ്യാഭ്യാസം, തൊഴിൽ എന്നിവയിലുൾപ്പെടെ ഭിന്നശേഷി സമൂഹം സ്വയം പര്യാപ്തതയോടെ മുന്നേറണമെന്നും ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന് സ്വയംസഹായസംഘങ്ങൾ വികസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. 

 

 

ഭിന്നശേഷി വിഭാഗക്കാർക്ക് തടസരഹിത സാമൂഹിക ജീവിതം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ വിവിധ പദ്ധതികളിലുൾപ്പെടുത്തിയാണ് സഹായഉപകരണങ്ങൾ വിതരണം ചെയ്തത്. ശ്രവൺ പദ്ധതി പ്രകാരം 68 ശ്രവണ സഹായികളും ശുഭയാത്ര പദ്ധതി പ്രകാരം അഞ്ച്  വീൽ ചെയർ, ഒരു ഇലക്ട്രിക് വീൽചെയർ എന്നിവ നൽകി. അംഗപരിമിതിയുള്ളവർക്കായി കൃത്രിമ കൈകാലുകൾ, എയർ ബെഡുകൾ തുടങ്ങി മറ്റ് 12 സഹായ ഉപകരണങ്ങളും പരിപാടിയിൽ മന്ത്രി വിതരണം ചെയ്തു.  ശാസ്തമംഗലം എൻ.എസ്.എസ് ഹാളിൽ നടന്ന പരിപാടിയിൽ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ മധുസൂദനൻ നായർ, സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്‌സൺ ജയഡാളി എം.വി, മാനേജിംഗ് ഡയറക്ടർ ജലജ.എസ് എന്നിവരും പങ്കെടുത്തു.