കഥാകാരന്റെ ഭാവാത്മകതയോടെ കഥകള്‍ വായിച്ച് മന്ത്രി സജി ചെറിയാന്‍
'ഭൂമിയുടെ ചോരയാണു വെള്ളം, എന്നു നിങ്ങള്‍ക്ക് തോന്നാന്‍ കാരണം? ആ സംഭവം ഓര്‍ക്കുമ്പോള്‍...ഞാന്‍ ആകെ വിളറിപ്പോകുന്നു' ഒരു കഥാകാരന്റെ ഭാവാത്മകതയോടെ ഈ വരികള്‍ മന്ത്രി സജി ചെറിയാന്‍ വായിച്ചപ്പോള്‍ കേള്‍വിക്കാര്‍ക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ ശബ്ദങ്ങള്‍ എന്ന കഥാ സമാഹാരത്തിലെ ഭൂമിയുടെ ചോര എന്ന കഥയിലൂടെ സഞ്ചരിച്ച അനുഭവം. ഇന്നലെ വൈകിട്ടാണ് ബുക്ക് മാര്‍ക്കിന്റെ ബുക്ക് കോര്‍ണറില്‍ ഇരുന്ന് മന്ത്രി സജി ചെറിയാന്‍ പുസ്തകം വായിച്ചത്. കേള്‍വിക്കാരായി കവി പ്രഭാവര്‍മ്മ. എഴുത്തുകാരന്‍ വിനു എബ്രാഹം, പ്രസാധകരായ രവി ഡി.സി,സുജാ തായാട്ട് തുടങ്ങീ നിരവധി അക്ഷരപ്രേമികള്‍ ഒപ്പമുണ്ടായിരുന്നു.
നഷ്ടമായി കൊണ്ടു ഇരിക്കുന്ന വായനാ ശീലം തിരികെ കൊണ്ടു വരുവാന്‍ ബുക്ക് മാര്‍ക്ക് ആണ് കോട്ടക്കകത്തെ ആസ്ഥാന മന്ദിരത്തോട് ചേര്‍ന്ന് ബുക്ക് കോര്‍ണര്‍ തുറന്നത്. കിട്ടാന്‍ ഏറെ പ്രയാസമുള്ള ലോകോത്തര ബുക്കുകള്‍ അടക്കം ഏതുതരം വായനക്കാര്‍ക്കും വായനാ വസന്തം ഒരുക്കിക്കൊണ്ട് ആണ് ബുക്ക് കോര്‍ണര്‍ ഇന്നലെ തുറന്നത്. പുസ്തകം വായിച്ചുകൊണ്ടായിരുന്നു ഇതിന്റെ ഉദ്ഘാടനം മന്ത്രി ഇന്നലെ നിര്‍വഹിച്ചത്. നഗര മധ്യത്തില്‍ പ്രകൃതി സുന്ദരമായ അന്തരിക്ഷത്തില്‍ ആണ് ബുക്ക് കോര്‍ണര്‍.വായനക്കാര്‍ക്ക് ഇവിടെ എത്തി ബുക്കുകള്‍ വായിച്ചു തെരഞ്ഞെടുത്തു വന്‍വിലക്കുറവില്‍ സ്വന്തമാക്കുവാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത് എന്ന് ബുക്ക് മാര്‍ക്ക് മെമ്പര്‍ സെക്രട്ടറി എബ്രഹാം മാത്യു അറിയിച്ചു. അവധിക്കാലം തുടങ്ങിയതോടെ കുട്ടികള്‍ക്ക് ആവിശ്യമായ എല്ലാത്തരം ബുക്കുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ലോകോത്തര സാഹിത്യകാരന്‍മാരുടെ ബുക്ക്കളുടെ വിപുലമായ ശേഖരവും ഇവിടെ ഉണ്ട്.
സംസ്ഥാനത്തെ പതിനാലു ജില്ലകളിലും തിരുവനന്തപുരത്തെ ബുക്ക് കോര്‍ണര്‍ മാതൃകയില്‍ ബുക്ക് കഫേ കോര്‍ണര്‍ തുടങ്ങുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി പ്രഖ്യാപിച്ചു. ഇതിനായി പത്തു ലക്ഷം രൂപയും മന്ത്രി അനുവദിച്ചു. സാംസ്‌കാരിക വകുപ്പിന്റെ പ്രകൃതിയോട് ചേര്‍ന്ന് വെറുതേ കിടക്കുന്ന സ്ഥലങ്ങളാകും ഇതിനായി ഉപയോഗിക്കുകയെന്നും മന്ത്രി പറഞ്ഞു. ചരിത്രം പഠിച്ചില്ലെങ്കില്‍ നിലവിലുള്ള പല സംവിധാനങ്ങളും അപകടത്തിലാകും. ഇത് ഒഴിവാക്കണമെങ്കില്‍ വായന വളര്‍ത്തിയാലെ സാധ്യമാകുവെന്നും മന്ത്രി പറഞ്ഞു.പുതിയ സാഹചര്യങ്ങള്‍ വരുമ്പോള്‍ പഴയതിനെ മറക്കുന്ന ഒരു പ്രവണത വളര്‍ന്നു വരികെയാണ്. ഇത് അപകടമാണ്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷങ്ങള്‍ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വിപുലമായി ആഘോഷിച്ചതെന്നും മന്ത്രി പറഞ്ഞു.
നമ്മള്‍ അറിയാത്ത അനുഭവങ്ങളിലൂടെ നമ്മളെ ഒപ്പം കൊണ്ടുപോയി പുതിയ വ്യക്തികളാക്കി മാറ്റുകയാണ് വായന ചെയ്യുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കവി പ്രഭാവര്‍മ്മ പറഞ്ഞു.വായനയിലൂടെ മാനസിക പരിവര്‍ത്തനം നമുക്ക് ഉണ്ടാകുമെന്നും അദേഹം പറഞ്ഞു. രവി ഡി.സി, വിനു എബ്രാഹം, ബുക്ക് മാര്‍ക്ക് മെമ്പര്‍ സെക്രട്ടറി എബ്രാഹം മാത്യൂ, സംസ്‌കാരിക വകുപ്പ് സീനിയര്‍ സൂപ്രണ്ട് നിഷാന്ത്, ബുക്ക് മാര്‍ക്ക് ജീവനക്കാരുടെ പ്രതിനിധി രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
വായനാ വസന്തം നുകരാന്‍ ഡോ. എം. കെ മുനീര്‍ എത്തി
തിരുവനന്തപുരം : തന്റെ കുട്ടിക്കാലത്തെ വായനാ അനുഭവങ്ങള്‍ പങ്കുവെച്ചു ഡോ. എം. കെ മുനീര്‍ ബുക്ക് കോര്‍ണറില്‍ എത്തി. പുസ്തകങ്ങള്‍ തനിക്കു സമ്മാനിച്ച അനുഭവങ്ങളും അദ്ദേഹം പങ്കു വെച്ചു.നഷ്ടമായി കൊണ്ടു ഇരിക്കുന്ന വായനാ ശീലം തിരികെ കൊണ്ടു വരുവാന്‍ ബുക്ക് മാര്‍ക്ക് ഒരുക്കിയ ബുക്ക് കോര്‍ണറിലെ വായനക്കാരനായിയാണ് തിരക്കുകള്‍ക്ക് അവിധി നല്‍കി മുനീര്‍ എത്തിയത്.
ബുക്ക് മാര്‍ക് മെമ്പര്‍ സെക്രട്ടറി എബ്രഹാം മാത്യുവിന്റെ സുഹൃത്തു കൂടി ആണ് മുനീര്‍. ബുക്ക് കോര്‍ണറില്‍ എത്തിയ മുനീറിനെ ജീവനക്കാര്‍ സ്വീകരിച്ചു.തന്റെ നിയോജക മണ്ഡലത്തിലെ സ്‌കൂളുകളില്‍ ബുക്ക് മാര്‍ക്ക് വഴി പുസ്തകങ്ങള്‍ വിതരണം ചെയ്ത കാര്യം അദ്ദേഹം ഓര്‍മിച്ചു. പുസ്തകങ്ങള്‍ സമ്മാനിച്ചു ആണ് എം. കെ മുനീറിനെ ജീവനക്കാര്‍ യാത്ര ആക്കിയത്.