മുട്ടത്തറ പുനർഗേഹം ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി മന്ത്രി സജി ചെറിയാൻ

 
saji

മത്സ്യതൊഴിലാളി കുടുംബങ്ങൾക്കായി മുട്ടത്തറയിൽ നിർമിക്കുന്ന പുനർഗേഹം ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. കെട്ടിടനിർമാണ പ്രവർത്തനങ്ങൾ സെപ്റ്റംബറിൽ പൂർത്തീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. കെട്ടിട നിർമ്മാണവും അനുബന്ധപ്രവർത്തനങ്ങളും ഉൾപ്പെടെ 18 മാസ കാലയളവിൽ ഫ്ലാറ്റിന്റെ നിർമാണംപൂർത്തിയാക്കണമെന്നും നിർദേശം നൽകി.

സംസ്ഥാന സർക്കാരിന്റെ പുനർഗേഹം പദ്ധതിയിലൂടെ 81കോടി രൂപ വിനിയോഗിച്ചാണ് 400 മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിത ഭവനം ഒരുങ്ങുന്നത്. ഇരുനിലകളിലായി 50 ബ്ലോക്കുകളായിട്ടാണ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം.

രണ്ട് കിടപ്പ് മുറികൾ, ശുചിമുറി, അടുക്കള, ഹാൾ, എന്നിവ ഉൾപ്പെടെ 640 ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ് ഒരു യൂണിറ്റ് ഫ്ലാറ്റിന്റെ നിർമാണം. കെട്ടിടങ്ങൾക്ക് പുറമെ റോഡ്, ഓട, ചുറ്റുമതിൽ, ലാൻഡ് സ്കേപ്പിങ്, സ്വീവേജ് ട്രീറ്റ്മെന്റ്പ്ലാന്റ് എന്നിവയും പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റിവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല.

ഹാർബർ എഞ്ചിനിയറിങ്‌ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജി.എസ് അനിൽകുമാർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർമാരായ അനിൽകുമാർ, ഷീജാ മേരി തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.