നവതിയുടെ നിറവില്‍ എംടി വാസുദേവന്‍ നായര്‍
മലയാളികളുടെ പ്രിയ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 90-ാം പിറന്നാള്‍. മലയാളത്തിന്റെ സര്‍ഗവസന്തം 90-ന്റെ നിറവിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ കഥകളും, കവിതകളും, നോവലുകളുമെല്ലാം മലയാളികളുടെ മനസില്‍ എന്നും മായാതെ നില്‍ക്കുന്നവയാണ്. മനുഷ്യന്റെ വികാരങ്ങള്‍ പച്ചയായി ആവിഷ്‌കരിക്കാനുള്ള എംടിയുടെ മികവ് മറ്റാര്‍ക്കും ഒരിക്കലും പകരം വെയ്ക്കാന്‍ കഴിയില്ല. എംടിയുടെ കഥയും കഥാപാത്രങ്ങളും സാഹിത്യം ഉള്ളിടത്തോളം നിലനില്‍ക്കുെമന്നത് തികച്ചും യാഥാര്‍ത്ഥ്യമായ വസ്തുതയാണ്.
ഏതു കാലഘട്ടത്തിലെ ആളുകള്‍ക്കായാലും അദ്ദേഹത്തിന്റെ എഴുത്തുകള്‍ ആസ്വദിക്കാന്‍ കഴിയുമെന്നത് എംടി എന്ന എഴുത്തുകാരന്റെ മറ്റൊരു സവിശേഷതയാണ്. എംടിയുടെ എഴുത്തുകളില്‍ പ്രണയവും, ആനന്ദവും, വിരഹവുമെല്ലാം അതിന്റെ എല്ലാ തന്മയത്വത്തോടുകൂടി ആസ്വാദകരുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു.
മലയാളത്തിന്റെ അക്ഷര സുകൃതമായ എംടിയുടെ യഥാര്‍ത്ഥ നാമം മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായരെന്നാണ്. കൂടല്ലൂരില്‍, ടി നാരായണന്‍ നായരുടെയും തെക്കേപ്പാട്ട് അമ്മാളുഅമ്മയുടെയും മകനായി 1933 ജൂലൈ 15-ാം തീയതിയാണ് എംടി ജനിച്ചത്. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ന്റെ ജീവിത പരിസരങ്ങളില്‍ നിന്നാണ് എംടി എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിച്ചത്. മലയാള സാഹിത്യത്തിന്റെ വഴിത്തിരിവുകളായിരുന്നു എംടിയുടെ പല നോവലുകളും. കഥകളും, കവിതകളും, നോവലുകളും, തിരക്കഥകളും അങ്ങനെ എംടി കൈവെയ്ക്കാത്ത മേഖലകള്‍ ചുരുക്കമായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയെന്ന് വിശേഷണം അക്ഷരാര്‍ത്ഥത്തില്‍ എംടിയുടെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമായിരുന്നു.
എംടിയുടെ കഥകളായ മഞ്ഞും, കാലവുമെല്ലാം വായനക്കാരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്കാണ് കൊണ്ടെത്തിച്ചത്. അദ്ദേഹത്തിന്റെ എഴുത്തുകളൊക്കെയും മലയാളികള്‍ നെഞ്ചോടു ചേര്‍ത്തിരുന്നു. എംടിയുടെ രണ്ടാമൂഴവും, ഭീമന്റെ ആവിഷ്‌കാരവുമൊക്കെ ഇന്ത്യന്‍ സാഹിത്യ ചരിത്രത്തില്‍ തന്നെ മികവുറ്റ രചനകളില്‍ ഇടം നേടിയവയാണ്. എംടി എഴുതിയ ഇതിഹാസങ്ങള്‍ക്കും ചരിത്രള്‍ക്കുമെല്ലാം സമകാലിക സമൂഹത്തില്‍ വേറിട്ട കാഴ്ച്ചപ്പാടുകള്‍ സമ്മാനിച്ചവയാണ്. പഴമകളില്‍ കേട്ട ചതിയന്‍ ചന്തു ചതിയനല്ലാതായി മാറിയത് എംടിയുടെ വടക്കന്‍ വീരഗാഥയില്‍ക്കൂടെയാണ്. അങ്ങനെ എംടിയുടെ നിരവധി കഥകളും കഥാപാത്രങ്ങളും സിനിമയായി നമുക്ക് മുന്നില്‍ ചിത്രീകരിച്ചു.
1965ല്‍ ല്‍ മുറപ്പെണ്ണ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ടാണ് എം.ടി മലയാള സിനിമയുടെ 'നാലുകെട്ടിലേ'ക്ക് രംഗപ്രവേശം ചെയ്തത്. ആറു സിനിമകള്‍ സംവിധാനം ചെയ്ത എംടി യുടെ ആദ്യ സംവിധാന സംരംഭം 1973ല്‍ പുറത്തിറങ്ങിയ നിര്‍മ്മാല്യം എന്ന ചിത്രമായിരുന്നു. അന്ന് ആ സിനിമയ്ക്ക രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കവും അദ്ദേഹത്തിന് നല്‍കിയിരുന്നു.
ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഓപ്പോള്‍, പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, വൈശാലി, പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥയൊരുക്കി. അദ്ദേഹത്തിന്റെ തിരക്കഥകളൊക്കെയും പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളായിരുന്നു വരച്ചു കാട്ടിയത്. 54-ഓളം സിനിമകള്‍ക്ക് എംടി തിരക്കഥ രചിച്ചിട്ടുണ്ട്. മികച്ച തിരക്കഥയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് നാല് തവണ അദ്ദേഹത്തിന് ലഭിച്ചു.
മികച്ച തിരക്കഥയ്ക്ക് ആറു തവണ ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടി (നിര്‍മാല്യം, കടവ്, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം, ഒരു ചെറുപുഞ്ചിരി). കഥയ്ക്കും തിരക്കഥയ്ക്കും സംവിധാനത്തിനുമായി 22 തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നാലു ടി വി അവാര്‍ഡും നേടി. മലയാള സിനിമയ്ക്കു നല്‍കിയ സമഗ്രസംഭാവനയ്ക്കു ഫിലിം ഫെയര്‍, സിനിമാ എക്സ്പ്രസ് അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചു.
തന്റെ വരുതിയില്‍ വായനക്കാരനെ നിര്‍ത്താന്‍ കഴിയുന്ന എഴുത്തുശൈലിയായിരുന്നു എംടിയുടെ രചനകളുടെ മുഖമുദ്ര. എഴുതിയാലും എഴുതിയാലും തീരാത്ത കഥ പോലെയാണ് മലയാളികള്‍ക്ക് എംടി വോസുദേവന്‍ നായര്‍. 90ന്റെ നിറവില്‍ നില്‍ക്കുന്ന നിളയുടെ കലാകാരന് ലോഗിന്‍ കേരളയുടെ പിറന്നാള്‍ ആശംസകള്‍.