എം.വി. ദേവൻ പുരസ്കാരം പ്രൊഫ. കെ.കെ. രാജപ്പന് സമ്മാനിച്ചു

 
speaker

കേരളത്തിന്റെ സാംസ്കാരിക രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയ എം.വി. ദേവൻ കാലങ്ങളോളം സ്മരിക്കപ്പെടുമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കലാരംഗത്തെ അദ്ദേഹത്തിന്റെ ഇടപെടലുകൾ ചരിത്രത്തിന്റെ ഭാഗമാണെന്നും സ്പീക്കർ പറഞ്ഞു.

അഞ്ചാമത് എം.വി. ദേവൻ പുരസ്കാരം പ്രൊഫ. കെ.കെ. രാജപ്പന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യൻ ആർട്ട് സെന്റർ കേരളയും കൊച്ചിയിലെ പൗർണമി ആർട്ട് ഗാലറിയും സംയുക്തമായാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

ചടങ്ങിൽ കേരള ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം ഷിബു അധ്യക്ഷത വഹിച്ചു. എം.വി. ദേവന്റെ മകൾ ശാലിനി എം. ദേവൻ, ബിനുരാജ് കലാപീഠം, കാരയ്ക്കാമണ്ഡപം വിജയകുമാർ, സുരേഷ് കൂത്തുപറമ്പ്, കെ.എൻ. ഷാജി എന്നിവർ സംസാരിച്ചു.

ചടങ്ങിനോടനുബന്ധിച്ച് 26 മലയാളി ചിത്രകാരന്മാരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പ്രദർശനവും സ്പീക്കർ ഉദ്ഘാടനം ചെയ്തു. അക്കിത്തം നാരായണൻ, ടി. കലാധരൻ, പി. ഗോപിനാഥ്, ഡി. അജോയ് കുമാർ, എൻ.എൻ. റിംസൺ തുടങ്ങിയവരുടെ ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. നവംബർ 29 വരെ പ്രദർശനം തുടരും.