എന്‍റെ കറുപ്പാണ് എന്‍റെ അഴക്, എന്‍റെ കുലത്തിന്‍റെ ചോരയാണ് എന്നെ കലാകാരനാക്കിയത്, നീയൊന്നും എന്‍റെ ഏഴയലത്ത് വരില്ല; സത്യഭാമയ്ക്ക് മറുപടിയുമായി ആർ.എൽ.വി രാമകൃഷ്ണൻ

വിവാദ പരാമർശത്തിൽ തടിതപ്പി സത്യഭാമ; ആർഎൽവി എന്ന സ്ഥാപനത്തെക്കുറിച്ചാണു പറഞ്ഞത്, വ്യക്തിയെക്കുറിച്ചല്ല; മാധ്യമങ്ങൾ വളച്ചൊടിച്ചു
 
ramakris
എന്‍റെ കറുപ്പാണ് എന്‍റെ അഴക്. എന്‍റെ കുലത്തിന്‍റെ ചോരയാണ് എന്നെ കലാകാരനാക്കിയത്. നർത്തകി കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിന് മറുപടിയുമായി കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ.വി രാമകൃഷ്ണൻ. തന്‍റെ കറുപ്പാണ് തന്‍റെ അഴകെന്ന് ആർ.എൽ.വി രാമകൃഷ്ണൻ മറ്റൊരു എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കി.

ആർ.എൽ.വി രാമകൃഷ്ണന്‍റെ എഫ്.ബി പോസ്റ്റ് എന്‍റെ കറുപ്പാണ് എന്‍റെ അഴക്. എന്‍റെ കുലത്തിന്‍റെ ചോരയാണ് എന്നെ കലാകാരനാക്കിയത്. നീയൊന്നും എന്‍റെ ഏഴയലത്ത് വരില്ല... മോളെ..


സത്യഭാമ നിരന്തരം ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണെന്ന് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ ആർ.എൽ.വി രാമകൃഷ്ണൻ പ്രതികരിച്ചു. ഇത്തരം വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും രാമകൃഷ്ണൻ വ്യക്തമാക്കി. കലാസ്നേഹികൾക്കായുള്ള സുദീർഘമായ പോസ്റ്റിൽ തന്‍റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചും രാമകൃഷ്ണൻ വിശദീകരിക്കുന്നുണ്ട്.

ആർ.എൽ.വി രാമകൃഷ്ണന്‍റെ പോസ്റ്റ്: പ്രിയ കലാ സ്നേഹികളെ,

കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേർത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും. എന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും. സുന്ദരികളായ സ്ത്രീകൾ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും. എനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ല എന്നൊക്കെയാണ് ഇവർ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.ഞാൻ ഏതോ ഒരു സ്ഥാപനത്തിൽ എന്തോ ഒന്ന് പഠിച്ചു എന്നാണ് അവർ പുലമ്പുന്നത്. എന്നാൽ സത്യസന്ധതയോടെ പഠിച്ച് വിജയിച്ചിട്ടാണ് ഞാൻ ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 1996 മുതൽ തൃപ്പൂണിത്തുറ RLV കോളേജിൽ മോഹിനിയാട്ട കളരിയിൽ നിന്ന് പഠിച്ചിറങ്ങിയ കലാകാരനാണ് ഞാൻ. 4 വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞതിനു ശേഷം എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് MA മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായിട്ടുണ്ട്.ഇതുകൂടാതെ ഇവർ പറയുന്ന കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിങ്ങ് ആർട്സിൽ Mphil Top Scorer ആയി പാസാവുകയും ഇതേ സ്ഥാപനത്തിൽ തന്നെ മോഹിനിയാട്ടത്തിൽ Phd പൂർത്തിയാക്കുകയും ചെയ്തു.UgC യുടെ അസിസ്റ്റന്‍റ് പ്രഫ. ആകുന്നതിനുള്ള നെറ്റ് പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഇതുകൂടാതെ ദൂരദർശൻ കേന്ദ്രം A graded ആർട്ടിസ്റ്റായി തിരഞ്ഞെടുക്കുകയും ചെയ്തു.

15 വർഷത്തിലധികമായി കാലടി സംസ്കൃത സർവ്വകലാശാലയിലും RLV കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം ചെയ്തിട്ടുണ്ട്. കലാമണ്ഡലം പേരോടു ചേർത്ത ഈ അഭിവന്ദ്യ ഗുരു എന്നെ നേരത്തെയും കലാമണ്ഡലത്തിൽ വച്ച് ആക്ഷേപിച്ചിട്ടുണ്ട്. ഞാൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ Phd നേടുന്നതും ഇവർക്ക് ഒട്ടും താൽപര്യമില്ലായിരുന്നു.ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്. ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യും.



 രാമകൃഷ്ണനു നേരെ ജാതിഅധിക്ഷേപം നടത്തിയെന്ന വിവാദത്തിൽ പ്രതികരണവുമായി കലാമണ്ഡലം സത്യഭാമ. ആർഎൽവി എന്ന സ്ഥാപനത്തെക്കുറിച്ചാണു പറഞ്ഞതെന്നും വ്യക്തിയെക്കുറിച്ചല്ലെന്നും സത്യഭാമ പറഞ്ഞു. താൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചതായും സത്യഭാമ ആരോപിച്ചു.

ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണു സത്യഭാമയുടെ വിവാദ പരാമർശം. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആർഎൽവി രാമകൃഷ്ണനു കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആർഎൽവി രാമകൃഷ്ണനു പിന്തുണയുമായി നിരവധിപ്പേർ രംഗത്തെത്തി. സത്യഭാമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.

ഇതു രണ്ടാം തവണയാണു സത്യഭാമ വിവാദത്തിൽപെടുന്നത്. 2018ൽ, അന്തരിച്ച കഥകളി ആചാര്യൻ കലാമണ്ഡലം പത്മനാഭൻ നായരെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യയും മോഹിനിയാട്ടം ഗുരുവുമായ അന്തരിച്ച കലാമണ്ഡലം സത്യഭാമയെക്കുറിച്ചും കലാമണ്ഡലം ഭരണസമിതി അംഗമായിരിക്കെ സത്യഭാമ നടത്തിയ പരാമർശവും വിവാദമായിരുന്നു.

പത്മനാഭൻ ആശാൻ മോശം നടനാണെന്നും കലാമണ്ഡലം സത്യഭാമയ്ക്ക് ഒരു പിണ്ണാക്കും അറിയില്ലെന്നും മറ്റും പരാമർശത്തിലുണ്ടായിരുന്നു. ഇതിനെത്തുടർന്ന് കലാമണ്ഡലം ഭരണസമിതിയിൽനിന്നു സത്യഭാമയെ പുറത്താക്കിയിരുന്നു. അന്നു ഫോൺസംഭാഷണം പുറത്തുവിട്ടത് ‘ചാലക്കുടിക്കാരൻ’ ആണെന്നും സത്യഭാമ പറഞ്ഞു.