നവകേരള സദസ്സ്: മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്

 
C M

സംസ്ഥാനത്തിന്റെ വടക്കേയറ്റമായ മഞ്ചേശ്വരം മുതൽ തെക്കേ അറ്റത്തെ പാറശാല വരെയുള്ള യാത്ര മുപ്പത്തിയാറ് ദിവസം കൊണ്ട് സംസ്ഥാന മന്ത്രിസഭ ഇന്ന് പൂർത്തിയാക്കുകയാണ്. "നവകേരള സദസ്സ്" എന്ന  ജനകീയ സംവാദ പരിപാടി ജനാധിപത്യ ഭരണ നിർവ്വഹണ ചരിത്രത്തിലെ അത്യപൂർവ്വമായ അധ്യായമായി മാറിയിരിക്കുന്നു. വട്ടിയൂർക്കാവ്, തിരുവനതപുരം നിയോജക മണ്ഡലങ്ങളുടെ  സംയുക്ത സമ്മേളനത്തോടെയാണ് പര്യടനം സമാപിച്ചത്. സമാപന ദിവസം  ഇടപ്പഴഞ്ഞി ആർ.ഡി.ആർ. കൺവൻഷൻ സെന്ററിൽ നടന്ന പ്രഭാതയോഗത്തിൽ   തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം, കോവളം മണ്ഡലങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ടവരാണ് പങ്കെടുത്തത്. 

സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് ഉതകുന്ന നിരവധി നിർദേശങ്ങൾ   യോഗത്തിൽ  ഉയർന്നു. സമൂഹത്തിന്റെ നാതാതുറകളിലുമുള്ള ജനവിഭാഗങ്ങളോടു സംവദിക്കാനായി സംഘടിപ്പിച്ച നവകേരള സദസ് ഏറെ അഭിനന്ദനാർഹവും മികച്ചതുമാണെന്നു പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി അഭിപ്രായപ്പെട്ടു. സമൂഹത്തിൽ വളർന്നുവരുന്ന മദ്യ - മയക്കുമരുന്ന് ഉപയോഗത്തിനെതിരേ സംസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകൾ കൂടുതൽ ശക്തമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ സർക്കാരിന്റെ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയാണെന്നു മറുപടിയായി പറഞ്ഞു. ചെറിയ കുട്ടികൾപോലും മയക്കുമരുന്നു മാഫിയയുടെ പിടിയിൽപ്പെടുന്ന സാഹചര്യമുണ്ട്. സമൂഹത്തിൽനിന്ന് ഇതിന്റെ സാന്നിധ്യം ഇല്ലാതാക്കാനാണു വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു വിപുലമായ ക്യാംപെയിൻ സർക്കാർ നടത്തിയത്. മയക്കുമരുന്നിനെതിരായ പൊതുബോധം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ  ശക്തമായി തുടരും. ഇത്തരം മാഫിയകൾക്കെതിരേ ഒരു ദാക്ഷിണ്യവമില്ലാത്ത നടപടിയുണ്ടാകും. സമൂഹത്തിൽ വർധിച്ചുവരുന്ന ആത്മഹത്യാ പ്രവണത പൊതുസമൂഹം ഗൗരവമായി കാണണം. ഇതിനെതിരേ സർക്കാർ തലത്തിൽ നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾ കൂട്ടായ ആലോചനകളിലൂടെ തീരുമാനിക്കും. 
 
ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കേരളവും അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ഇതിനെ നേരിടാൻ എന്തു ചെയ്യാനാകുമെന്നു വിദഗ്ധ സമിതിയെവച്ചു വിശദ പഠനം നടത്തണമെന്നു പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ടി.കെ.എ. നായർ അഭിപ്രായപ്പെട്ടു. കാർബൺ ബഹിർഗമനം ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി, 2070ഓടെ കാർബൺ രഹിത രാജ്യമാകാനുള്ള ശ്രമങ്ങൾ പൂർത്തിയാകുംമുൻപേതന്നെ കേരളം ഈ നേട്ടം കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന പ്രശ്‌നങ്ങളെ അതീവ ഗൗരവത്തോടെയാണു സംസ്ഥാനം കാണുന്നതെന്നും ഇതിനായുള്ള പഠനങ്ങൾക്കായി കമ്മിഷനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് മറുപടി നൽകി. കുറേക്കൂടി വിദഗ്ധരെ ഉൾപ്പെടുത്തി ഇതു വിപുലപ്പെടുത്തുന്നകാര്യം പരിഗണിക്കും. 

കായികതാരങ്ങൾക്കു സർക്കാർ മേഖലയിൽ ജോലി നൽകുന്ന സർക്കാർ നടപടികളെ ബോക്‌സിങ് താരം ലേഖ യോഗത്തിൽ അഭിനന്ദിച്ചു. പ്രതിവർഷം 50 കായികതാരങ്ങൾക്കു സർക്കാർ ജോലി നൽകുന്നതു മറ്റു സംസ്ഥാനങ്ങളിൽ ഇല്ലാത്ത കാര്യമാണ്. ജോലിയിൽ പ്രവേശിക്കുന്ന കായികതാരങ്ങൾക്കു തുടർന്നു കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇങ്ങനെയുള്ളവരെ മൂന്നു വർഷം കൂടി കായിക രംഗത്തു തുടരാൻ അനുവദിക്കണമെന്നും അവർ പറഞ്ഞു. ഇക്കാര്യം പരിശോധിക്കാമെന്നു പ്രതികരിച്ചു. 
സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളുടെ പാട്ടക്കുടിശിക ഒഴിവാക്കണമെന്നു വെട്ടുകാട് പള്ളി വികാരി ഫാ. എഡിസൺ ആവശ്യപ്പെട്ടു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾ  കൂടുതൽ നന്നായി മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. പാട്ടക്കുടിശിക ചെറിയ തുകയാണെന്നും അതു കാലാകാലങ്ങളിൽ കൊടുത്തുതീർക്കാവുന്നതേയുള്ളൂവെന്നും  മറുപടിനൽകി. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രയാസങ്ങൾ ഇല്ലാതാക്കാൻ കഴിയുന്നതെല്ലാം സർക്കാർ ചെയ്യും. 

ഉന്നതവിദ്യാഭ്യാസ മേഖലയിൽ ടീ്‌ച്ചേഴ്‌സ് സർവീസ് കമ്മിഷൻ സ്ഥാപിക്കണമെന്നും സർവകലാശാലകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും പ്രൊഫ. ഉമ്മൻ വർഗീസ് മന്നോട്ടുവച്ചു.  ചിത്രാഞ്ജലി സ്റ്റുഡിയോ വിപുലീകരിക്കുകയും അതുവഴി തിരുവനന്തപുരത്തെ ഇന്ത്യയുടെ ചലച്ചിത്ര ആസ്ഥാനമാക്കി വളർത്തണമെന്നും പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുൺ നിർദേശിച്ചു. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ വിപുലീകരണത്തിന് 150 കോടിയുടെ പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണെന്നും ചലച്ചിത്ര ആസ്ഥാനമാക്കാനുള്ള ശ്രമങ്ങൾക്കു സർക്കാരിന്റെ ഭാഗത്തുനിന്നു പൂർണ പിന്തുണ നൽകുമെന്നും  യോഗത്തിൽ വ്യക്തമാക്കി. 

കേരളത്തിന്റെ ഭാവി വളർച്ചയ്ക്കായി കേരളീയം പരിപാടിയിലും നവകേരള സദസിലുമായി ലഭിച്ച നിർദേശങ്ങൾ ക്രോഡീകരിച്ചു നടപ്പാക്കാൻ പ്രത്യേക സംവിധാനം സജ്ജമാക്കണമെന്നും ഈ ബജറ്റിൽ അതു സംബന്ധിച്ചു പ്രഖ്യാപനം നടത്തണമെന്നും മുൻ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാർ നിർദേശിച്ചു. ഇതു നല്ല അഭിപ്രായമാണെന്നും ഇതിന്റെ നടപടികൾ സർക്കാർതലത്തിൽ ആരംഭിച്ചിട്ടുണ്ടെന്നും അതിനോട് പ്രതികരിച്ചു. 

തിരുവനന്തപുരം ടെക്‌നോപാർക്കിലേക്കു കൂടുതൽ മൾട്ടിനാഷണൽ കമ്പനികളെ കൊണ്ടുവരാനുള്ള ശ്രമം നടത്തണമെന്ന് അവിടുത്തെ ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയുടെ പ്രതിനിധി രാജീവ് കൃഷ്ണൻ അഭിപ്രായപ്പെട്ടു. കെ-റെയിൽ നടപ്പാക്കണമെന്നും കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിക്കാനുള്ള ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു. ഐടി മേഖലയിൽ മികച്ച നേട്ടം കൈവരിക്കാൻ സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്.  
നല്ല പൗരന്മാരെ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഭാവി സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് അത്യന്താപേക്ഷിതമാണെന്ന് സംഗീതജ്ഞ ഓമനക്കുട്ടി ടീച്ചർ ചൂണ്ടിക്കാട്ടി. ഇതിനായി നഴ്‌സറി ക്ലാസുകൾ മുതൽ ആഴ്ചയിൽ ഒന്ന് എന്ന നിലയിൽ അവബോധ ക്ലാസുകൾ ആരംഭിക്കണമെന്നും അവർ നിർദേശിച്ചു. ഗാർഹിക സോളാർ പദ്ധതിക്കു കൂടുതൽ പ്രാധാന്യം നൽകണമെന്നു മാധ്യമപ്രവർത്തകൻ ദീപു രവി അഭിപ്രായപ്പെട്ടു. നവകേരള സദസിന്റെ മാതൃകയിൽ മന്ത്രിമാർ മാസത്തിലൊരിക്കൽ പൊതുജനങ്ങളുമായി സംവദിക്കുന്ന സദസുകൾ തുടരണമെന്നായിരുന്നു വലിയപള്ളി ജമാഅത് പ്രസിഡന്റ് മണക്കാട് ഖാദർ അഭിപ്രായപ്പെട്ടത്. താലൂക്ക് തലത്തിൽ മന്ത്രിമാർ പൊതുജനങ്ങളുമായി സംവദിക്കുന്ന സദസുകൾ സംഘടിപ്പിച്ചതു ചൂണ്ടിക്കാട്ടി,   ഇനിയും ഇത്തരം പ്രവർത്തനങ്ങളുണ്ടാകുമെന്ന്  അതിനോട് പ്രതികരിച്ചു. 
നവകേരള സദസിന് എല്ലാ ആശംസകളും നേരുന്നതായും ഇതുപോലൊരു പരിപാടി സംഘടിപ്പിക്കാൻ തയാറായത് അഭിമാനത്തോടെ കാണുന്നതായും നടൻ ഇന്ദ്രൻസ് പറഞ്ഞു. സ്വന്തമായി വീടില്ലാത്തവർക്കു വീട് നൽകുന്ന ലൈഫ് മിഷൻ മാതൃകാപരമാണെന്നു പത്മശ്രീ ഡോ. ജി. ശങ്കർ പറഞ്ഞു. 
 
ചലച്ചിത്ര മേഖലയുടെ സുഗമമായ മുന്നോട്ടുപോക്കിന് കൂടുതൽ ആളുകളെ തിയേറ്ററിലേക്ക് ആകർഷിക്കണമെന്നും അതിനായി തിയേറ്റർ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണമെന്നും നടൻ സുധീർ കരമന നിർദേശിച്ചു. കലാകാരന്മാരെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് അത്യാവശ്യ സന്ദർഭങ്ങളിൽ സഹായത്തിനുള്ള ഫാസ്റ്റ് ട്രാക് സംവിധാനം സജ്ജമാക്കണമെന്നായിരുന്നു നർത്തകി താരാ കല്യാണിന്റെ നിർദേശം. സംസ്ഥാനത്ത് ടൂറിസം മേഖലയിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ഊർജിതമായി മുന്നോട്ടുകൊണ്ടുപോകണമെന്നു ടൂറിസം മേഖലയെ പ്രതിനിധീകരിച്ച് ഇ.എൻ. നജീബ് പറഞ്ഞു. 
ഏതു പ്രതിസന്ധി വളർന്നു വന്നാലും ശക്തമായി നേരിട്ട്,  പദ്ധതികളുടെയാകെ പൂർത്തീകരണത്തിനും നാടിന്റെ മുന്നോട്ടു പോക്കിനുമായി കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നേറുന്നതിനുള്ള ജനപിന്തുണയാണ് ഈ ബഹുജന സംവാദ പരിപാടിയിലൂടെ സർക്കാർ തേടിയത്. ആ പിന്തുണയാണ് വൻപിച്ച പങ്കാളിത്തത്തിലൂടെ കേരള ജനത നൽകിയത്. ഈ യാത്രയുടെ അനുഭവം, തുടർന്നുള്ള മുന്നേറ്റത്തിന് വർധിച്ച ഊർജ്ജം പകരുന്നതാണ്.