കേരളത്തെ തുലച്ചെന്ന് ജനങ്ങളോട് പറയാനാണ് നവകേരള സദസ്: മുഖ്യമന്ത്രിയുടേത് ജനങ്ങളെയും പ്രതിപക്ഷത്തെയും വെല്ലുവിളിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചരണം: പ്രതിപക്ഷ നേതാവ്

നവകേരള സദസിന്റെ ജനപിന്തുണ തെരഞ്ഞെടുപ്പില്‍ കാണാം;
 
V D
തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം അട്ടിമറിച്ച് ബി.എല്‍.ഒമാരെ സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തി;

നവകേരള സദസിന്റെ ജനപിന്തുണ കാണണമെങ്കില്‍ പറവൂരില്‍ വച്ച് കാണാമെന്ന് മുഖ്യമന്ത്രി വെല്ലുവിളിച്ചിരിക്കുകയാണ്. ജനപിന്തുണ തെളിയിക്കേണ്ടത് തെരഞ്ഞെടുപ്പിലാണ്. തെരഞ്ഞെടുപ്പില്‍ കാണാമെന്നതാണ് എന്റെ മറുപടി. നവകേരള സദസിന്റെ ജനപിന്തുണ കാണാന്‍ പറവൂര്‍ വരെ വരേണ്ട കാര്യമില്ല. അതിന് മുന്‍പ് തന്നെ ധാരാളം നിയോജക മണ്ഡലങ്ങളില്‍ അത് കണ്ടുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വരുത്തുന്ന ആളുകളും പാര്‍ട്ടി പ്രവര്‍ത്തകരുമാണ് പരിപാടിക്കെത്തുന്നത്. ഭീഷണിപ്പെടുത്തി വരുത്തുന്ന കുടുംബശ്രീ അംഗങ്ങള്‍, ആശാവര്‍ക്കാര്‍മാര്‍,തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചു വരുത്തി ജനപിന്തുണ കാണിക്കാനാണെങ്കില്‍ അതിന് വേണ്ടി പറവൂരില്‍ വരേണ്ട കാര്യമില്ല. നവകേരള സദസിന്റെ പേരില്‍ മുഖ്യമന്ത്രി എല്ലാദിവസവും വെല്ലുവിളികള്‍ നടത്തുകയും അക്രമത്തിന് ആഹ്വാനം നടത്തുകയുമാണ് ചെയ്യുന്നത്. 

നവകേരള ബസിന് വേണ്ടി തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും മാനന്തവാടി ജി.വി.എച്ച്.എസ്.എസിന്റെയും മതില്‍ പൊളിച്ചു. സ്‌കൂളുകളുടെ മതില്‍ പൊളിച്ചാണ് നവകേരള സദസ് നടത്തിക്കൊണ്ടിരിക്കുന്നത്. നവകേരള സദസ് അശ്ലീല നാടകമാണെന്ന യു.ഡി.എഫ് ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് ഓരോ ദിവസത്തേയും സംഭവങ്ങള്‍. 

തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ചിരിക്കുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയും നവകേരള സദസിന് വേണ്ടി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. ഇത് മുന്‍കൂട്ടി കണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് യു.ഡി.എഫ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബി.എല്‍.ഒമാരെ നവകേരള സദസിന് ഉള്‍പ്പെടെ നിയോഗിക്കരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അറിയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ബി.എല്‍.ഒമാരെ തൃശൂരിലെ മണലൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടെ നവകേരള സദസിന്റെ സംഘാടക സമിതി കണ്‍വീനര്‍മാരായി നിയോഗിച്ചു. പ്രവര്‍ത്തിച്ചില്ലെങ്കില്‍ നടപടി എടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറിമാര്‍ ബി.എല്‍.ഒമാരെ ഭീഷണിപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം മറികടന്നാണ് ബി.എല്‍.ഒമാരെ നവകേരള സദസിന് വേണ്ടി ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്താണ് സര്‍ക്കാര്‍ നവകേരള സദസ് സംഘടിപ്പിക്കുന്നത്. 

കള്ളപ്പിരിവില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജി.എസ്.ടി, രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ വ്യാപകമായി പണപ്പിരിവ് നടത്തുകയാണ്. കേരളീയത്തിന് ക്വാറികളില്‍ നിന്നും സ്വര്‍ണക്കച്ചവടക്കാരില്‍ നിന്നും ജി.എസ്.ടി ഇന്റലിജന്‍സ് അഡീ. കമ്മിഷണറുടെ നേതൃത്വത്തില്‍ പണപ്പിരിവ് നടത്തിയത്. നികുതി വെട്ടിപ്പ് തടയേണ്ട ഉദ്യോഗസ്ഥനാണ് നികുതി നല്‍കേണ്ടവരില്‍ നിന്നും പണപ്പിരിവ് നടത്തിയത്. ഇത് എങ്ങനെയാണ് ഔദ്യോഗികമായ പണപ്പിരിവാകുന്നത്? നവകേരള സദസിന് വേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൊണ്ട് പണപ്പിരിവ് നടത്തിക്കുന്നത് ശരിയാണോ? തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പണപ്പിരിവ് നടത്താന്‍ സര്‍ക്കാരിന് നിയമപരമായ ഒരു അവകാശവുമില്ല. ഇതിനെതിരെ യു.ഡി.എഫ് കോടതിയിലേക്ക് പോകുകയാണ്. 

എല്ലാ ദിവസവും ജനങ്ങളെയും പ്രതിപക്ഷത്തെയും വെല്ലുവിളിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തുന്നത് തെരഞ്ഞെടുപ്പ് പര്യടനമാണ്. 44 ദിവസവും മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്ത് നിന്നും മാറി നിന്നുകൊണ്ട് ഭരണസംവിധാനത്തെ താറുമാറാക്കി. സര്‍ക്കാരും ഭരണവുമില്ലാതെ സെക്രട്ടേറിയറ്റ് അനാഥമായി. ഉദ്യോഗസ്ഥര്‍ പോലും ഓഫീസുകളില്‍ എത്തുന്നില്ല. എല്ലാ വികസനപ്രവര്‍ത്തനങ്ങളും സാമൂഹിക ക്ഷേമപരിപാടികളും സ്തംഭനത്തിലായ അപകടകരമായ അവസ്ഥയിലാണ് കേരളം നില്‍ക്കുന്നത്. 

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന്റെ പേരില്‍ ഖജനാവില്‍ നിന്നും നികുതിപ്പണമെടുത്ത് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയാനാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അപ്പോള്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ കോട്ടങ്ങളും ചൂണ്ടിക്കാട്ടും. അതിന് വേണ്ടിയാണ് സര്‍ക്കാരിനെ ജനകീയ വിചാരണ ചെയ്യുന്നത്. ജില്ലാത തല അദാലത്തുകളില്‍ മന്ത്രിമാര്‍ വാങ്ങിവച്ച പരാതികളില്‍ ഒരു നടപടിയും എടുക്കാതെ നവകേരള സദസുമായി ഇറങ്ങുന്നത് ജനങ്ങളോട് ചെയ്യുന്ന ചതിയാണ്. പാവങ്ങളെ കബളിപ്പിക്കുകയാണ്. എല്ലാ ഫയലുകളും കെട്ടിക്കിടക്കുകയാണ്. പണം നല്‍കാനില്ലാതെ ഏത് ഫയല്‍ ഒപ്പിട്ടിട്ടും എന്ത് കാര്യം? സപ്ലൈകോ ടെന്‍ഡറില്‍ പോലും പങ്കെടുക്കുന്നില്ല. എന്നിട്ടും കേരളത്തെ തുലച്ചെന്ന് പറയാനാണോ നവകേരള സദസ് നടത്തുന്നത്. ഇന്നലെ 126 കാറുകള്‍ ബസിന് പിന്നിലുണ്ടായിരുന്നു. പിന്നെ എന്തിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ പോകുന്നത്. 


പ്രൊബേഷന്‍ ക്ലിയര്‍ ചെയ്യില്ലെന്ന് പറഞ്ഞ് മന്ത്രിയും ഓഫീസും ഉന്നത ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തുകയാണെന്നാണ് പറവൂര്‍ നഗരസഭ സെക്രട്ടറി പറഞ്ഞത്. കൗണ്‍സില്‍ തീരുമാനം എടുത്താല്‍ ആ തീരുമാനം നടപ്പാക്കാന്‍ സെക്രട്ടറി ബാധ്യസ്ഥനാണെന്നും ചെയര്‍പേഴ്‌സണ്‍ ഓതറൈസ് ചെയ്യാതെ പണം നല്‍കാന്‍ സാധിക്കില്ലെന്നും സെക്രട്ടറിയെ അറിയിച്ചു. ഇന്നുവരെ ഒരു ഉദ്യോഗസ്ഥനെയും എനിക്ക് ഭീഷണിപ്പെടുത്തേണ്ടി വന്നിട്ടില്ല. ചെയ്യാന്‍ പറ്റാത്ത കാര്യളൊന്നും ഞാന്‍ പറയാറില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയാം. യു.ഡി.എഫ് തീരുമാനം വന്നതോടെ അതിന് മുന്‍പ് തീരുമാനം എടുത്ത ശ്രീകണ്ഠാപുരം പഞ്ചായത്ത് നവകേരള സദസിന് പണം നല്‍കണമെന്ന തീരുമാനം പിന്‍വലിച്ചു. തദ്ദേശ സ്ഥാപനങ്ങളോട് അഡീ. ചീഫ് സെക്രട്ടറി പണം ആവശ്യപ്പെട്ടുള്ള ഉത്തരവ് തന്നെ നിയമവിരുദ്ധമാണ്. പല തദ്ദേശ സ്ഥാപനങ്ങളും ശമ്പളം കൊടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. 

വ്യാപകമായി യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വയ്ക്കുകയാണ്. മുഖ്യമന്ത്രി ഒരു ജില്ലയില്‍ പോകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്നത് എന്തിനാണ്? ഇന്ത്യയിലെ മറ്റ് ഏതെങ്കിലും മുഖ്യമന്ത്രിമാര്‍ ഇങ്ങനെ ചെയ്യുന്നുണ്ടോ? കുറേക്കാലമായി ഇത് തുടങ്ങിയിട്ട്. നേരത്തെ കറുപ്പിനോടായിരുന്നു ദേഷ്യം. ഇപ്പോള്‍ വെളുപ്പിനോടായി. അടുത്ത മാസം ഏത് നിറത്തോടാണെന്ന് മുന്‍കൂട്ടി പറയണം. 

രാഹുല്‍ മാങ്കൂട്ടത്തെ സാക്ഷിയായാണ് പൊലീസ് വിളിച്ച് വരുത്തിയിരിക്കുന്നത്. നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് രാഹുല്‍ ഹാജരായത്. ഞങ്ങള്‍ക്കാര്‍ക്കും നെഞ്ചുവേദന വരികയോ ആംബുലന്‍സ് വിളിക്കുകയോ ചെയ്യില്ല. എന്റേ പേരിലുള്ള വിജിലന്‍സ് അന്വേഷണം മുഖ്യമന്ത്രി അമേരിക്കയില്‍ പോയപ്പോള്‍ പ്രഖ്യാപിച്ചതാണ്. ഇതുവരെ ചോദ്യം ചെയ്യലിന് വിളിച്ചിട്ടില്ല. അങ്ങോട്ട് വിളിക്കുന്നത് അനൗചിത്യമായതു കൊണ്ടാണ് വിളിച്ച് ചോദിക്കാത്തത്. 

കോണ്‍ഗ്രസില്‍ ആര്‍ക്കെങ്കിലും എതിരെ പാര്‍ട്ടി നടപടി എടുത്താല്‍ മുഖ്യമന്ത്രി എന്തിനാണ് ഇടപെടുന്നത്? എന്ത് ചെയ്യണമെന്ന് എ.കെ.ജി സെന്ററില്‍ പോയി ചോദിക്കാം. ഒരു മര്യാദ വേണ്ടേ. ആദ്യം ശൈലജ ടീച്ചറുമായുള്ള പ്രശ്‌നം തീര്‍ക്കട്ടെ. ഇ.പി ജയരാജനും ജി സുധാകരനും തോമസ് ഐസക്കുമൊക്കെ വ്യത്യസ്തമായി സംസാരിക്കുന്നുണ്ട്. അതൊക്കെ സെറ്റില്‍ ചെയ്യട്ടേ. എന്റെ ഭാഷ ശരിയാക്കാനുള്ള ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയാണ് ആദ്യം മാറ്റേണ്ടത്.