എൻ.സി.സിയുടെ മെഗാ സൈക്കിൾ റാലി തലസ്ഥാനത്ത്

എൻ.സി.സി @ 75 : കന്യാകുമാരി മുതൽ ന്യൂഡൽഹി വരെ 
 
ncc

എൻ.സി.സിയുടെ പ്ലാറ്റിനം ജൂബിലി (75 വർഷം) ആഘോഷങ്ങളുടെ  ഭാഗമായി കന്യാകുമാരിയിൽ  നിന്നും ആരംഭിച്ച എൻ.സി.സി വനിതാ കേഡറ്റുകളുടെ മെഗാ സൈക്കിൾ റാലി തലസ്ഥാനത്തെത്തി. 

തിരുവനന്തപുരം കവടിയാർ പാർക്കിൽ ടീം അംഗങ്ങൾക്ക്  അശ്വതി തിരുനാൾ ലക്ഷ്മിബായി തമ്പുരാട്ടിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.  തിരുവനന്തപുരം എൻ.സി.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ആനന്ദ് കുമാറും മറ്റ് മുതിർന്ന എൻസിസി ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ncc

ബ്രിഗേഡിയർ നരേന്ദ്ര ചരാഗ് നയിക്കുന്ന ടീമിൽ 14 വനിതാ കേഡറ്റുകളാണ് ഉള്ളത്. കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, ദാമൻ & ദിയു, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന റാലി ടീമിനെ, 2024 ജനുവരി 28-ന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി സ്വീകരണം നൽകും.  

ഒരു സൈക്കിൾ ദിനത്തിൽ ശരാശരി 97 കിലോമീറ്റർ എന്ന ക്രമത്തിൽ 32 സൈക്ലിംഗ് ദിവസങ്ങളിലായി റാലി 3232 കിലോമീറ്റർ പിന്നിട്ടാണ് ഡൽഹിയിൽ എത്തുന്നത്.  യാത്രാമധ്യേ, അവർ ജനങ്ങളുമായി സംവദിക്കുകയും അവരുടെ ലക്ഷ്യത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുകയും ചെയ്യും.  അവരുടെ സന്ദേശത്തിന്റെ  ഗുണഭോക്താക്കളായ റിലേ സൈക്ലിസ്റ്റുകളും അവരോടൊപ്പം ചേരും.

ഇന്ത്യയുടെ വളർച്ചയുടെ ചരിത്രം മുന്നോട്ട് കൊണ്ടുപോകാൻ യുവാക്കളെ ഉദ്ബോധിപ്പിക്കുകയും ഈ പ്രക്രിയയിൽ "മഹിളാ ശക്തി" തെളിയിക്കുക എന്നതുമാണ് ഈ റാലിയുടെ ലക്ഷ്യം.  ആയതിനാൽ തന്നെ ഈ റാലിയെ "മഹിളാ ശക്തി കാ അഭേദ്യ സഫർ" എന്ന് വിളിക്കുന്നു.

ഇന്ന് (ഡിസംബർ 08) രാവിലെ കന്യാകുമരിയിൽ നടന്ന ചടങ്ങിൽ 2019-ൽ അസമിൽ വീരമൃത്യു വരിച്ച ലഫ്റ്റനന്റ് കേണൽ ആനന്ദിൻ്റെ പത്നി
ശ്രീമതി.പ്രിയങ്ക നായർ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഗുജറാത്ത് എൻ.സി.സി ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ രമേഷ് ഷൺമുഖം, തമിഴ്നാട് എൻ.സി.സി ഡയറക്ടറേറ്റ് DDG കമഡോർ എ.കെ രസ്തോഗി, റാലി ടീം ലീഡർ ആയ ബ്രിഗേഡിയർ നരേന്ദ്ര ചരാഗ്, മധുര എൻ.സി.സി ഗ്രൂപ്പ് കമാൻഡർ കേണൽ അമിത് ഗുപ്ത മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.