ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ രണ്ടാം ഘട്ട വിധിയില്‍ ആദ്യ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും
തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ രണ്ടാം ഘട്ട വിധിയില്‍ ആദ്യ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ. രണ്ടാംപ്രതി മൂവാറ്റുപുഴ സ്വദേശി സജില്‍(36) മൂന്നാംപ്രതി ആലുവ സ്വദേശി എം കെ നാസര്‍ (48) അഞ്ചാംപ്രതി കടുങ്ങല്ലൂര്‍ സ്വദേശി നജീബ് (42) എന്നിവരെയാണ് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മറ്റ് മൂന്ന് പ്രതികളെ മൂന്ന് വർഷം തടവിനും ശിക്ഷിച്ചു. എൻഐഎ കോടതി ജഡ്‌ജി അനിൽ കെ ഭാസ്‌കറാണ് ശിക്ഷ വിധിച്ചത്.
കേസിൽ ആറ് പ്രതികൾ കുറ്റക്കാരെന്ന് എൻഐഎ കോടതി കണ്ടെത്തിയിരുന്നു. 2010 ജൂലൈ നാലിനാണ് പ്രൊഫ. ടി ജെ ജോസഫിന്റെ കൈ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിയത്. കോളേജിലെ രണ്ടാംസെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യക്കടലാസിൽ പ്രവാചകനെ അവഹേളിക്കുന്നരീതിയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
രണ്ടാംപ്രതി മൂവാറ്റുപുഴ രണ്ടാർക്കര തോട്ടത്തിക്കുടി വീട്ടിൽ സജിൽ (36), മൂന്നാംപ്രതി ആലുവ കുഞ്ഞുണ്ണിക്കര മരക്കാട്ടു വീട്ടിൽ എം കെ നാസർ (48), അഞ്ചാംപ്രതി ആലുവ കടുങ്ങല്ലൂർ ഉളിയന്നൂർ കരിമ്പേരപ്പടി വീട്ടിൽ കെ എ നജീബ് (42), ഒമ്പതാംപ്രതി ആലുവ കടുങ്ങല്ലൂർ കുഞ്ഞുണ്ണിക്കര മണ്ണാർക്കാട് വീട്ടിൽ എം കെ നൗഷാദ് (48), പതിനൊന്നാംപ്രതി ആലുവ കടുങ്ങല്ലൂർ കുഞ്ഞുണ്ണിക്കര പുളിയത്ത് വീട്ടിൽ പി പി മൊയ്‌തീൻകുഞ്ഞ് (60), പന്ത്രണ്ടാംപ്രതി ആലുവ വെസ്‌റ്റ് തായിക്കാട്ടുകര പണിക്കരു വീട്ടിൽ പി എം ആയൂബ് (48) എന്നിവരെയാണ് ശിക്ഷിച്ചത്.
നാലാംപ്രതി ഷഫീഖ്, ആറാംപ്രതി അസീസ് ഓടയ്‌ക്കാലി, ഏഴാംപ്രതി മുഹമ്മദ് റാഫി, എട്ടാംപ്രതി സുബൈർ, പത്താംപ്രതി മൻസൂർ എന്നിവരെ വെറുതെവിട്ടു.
ആദ്യഘട്ട വിചാരണയിൽ ശിക്ഷിച്ചത് 13 പേരെ കേസിൽ ആദ്യഘട്ട വിചാരണ പൂർത്തിയാക്കി കൊച്ചി എൻഐഎ കോടതി 2015 ഏപ്രിൽ 30ന് വിധിപറഞ്ഞിരുന്നു. 31 പ്രതികളിൽ 13 പേരെ ശിക്ഷിച്ചു. 18 പേരെ വിട്ടയച്ചു. ഇതിനുശേഷം പിടികൂടിയ 11 പേരുടെ വിചാരണയാണ് ഇപ്പോൾ പൂർത്തിയായത്. ഒന്നാംപ്രതി പെരുമ്പാവൂർ അശമന്നൂർ നൂലേലി മുണ്ടശ്ശേരി വീട്ടിൽ സവാദ് (33) ഇപ്പോഴും ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.