OET യുടെ ഒഫീഷ്യല്‍ ലാംഗ്വേജ് പാര്‍ട്ണറായി എൻഐഎഫ്എൽ. ആരോഗ്യമേഖലയിലെ വിദേശതൊഴിലവസരങ്ങള്‍ക്ക് കരുത്താകുമെന്ന് അജിത് കോളശ്ശേരി.

 
norka

Occupational English Test-OET യുടെ ഒഫീഷ്യല്‍ ലാംഗ്വേജ് പാര്‍ട്ണറായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് (എൻഐഎഫ്എൽ) ധാരണാപത്രം ഒപ്പിട്ടു. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്യാനും പ്രാക്ടീസ് ചെയ്യാനും ആഗ്രഹിക്കുന്ന ആരോഗ്യമേഖലയിലെ  പ്രൊഫഷണലുകളുടെ ഭാഷാ പ്രാവീണ്യം വിലയിരുത്തുന്നതാണ് OET. നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും, OET ചീഫ് കൊമേഴ്സ്യൽ ഓഫീസര്‍  ആദം ഫിലിപ്സും ധാരണാപത്രം കൈമാറി. കേരളത്തില്‍ നിന്നുളള ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് ആഗോളതൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ഉതകും വിധം നൈപുണ്യവികസനമാണ് സംസ്ഥാനം നടപ്പിലാക്കിവരുന്നതെന്ന്  കെ വാസുകി അഭിപ്രായപ്പെട്ടു. ചരിത്രപരമായ സഹകരണം കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതാണെന്ന് അജിത് കോളശ്ശേരിയും പറഞ്ഞു. തൈയ്ക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് നന്ദി പറഞ്ഞു. OET  പ്രതിനിധികളായ   ടോം കീനൻ, പാർവ്വതി സുഗതൻ, പ്രകൃതി ദാസ്, എൻഐഎഫ്എൽ പ്രതിനിധികളായ ജുബി സുമി മാത്യു, സ്മിത ചന്ദ്രന്‍, അധ്യാപകര്‍, നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. 

norka

NIFL  കോഴിക്കോട്, തിരുവനന്തപുരം സെന്ററുകളിലെ OET ട്രെയിനര്‍മാര്‍ക്ക് പഠനശില്‍പശാലകള്‍, പരീക്ഷയ്ക്ക് യോഗ്യരാകുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക വര്‍ക്ക്ഷോപ്പുകള്‍,  നോര്‍ക്ക പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമുകളില്‍ OET കാൻഡിഡേറ്റുകള്‍ക്കായി ബോധവൽക്കരണ സെഷനുകൾ എന്നിവ ധാരണാപത്രത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. നഴ്സിംഗ്, മെഡിസിൻ, ഫിസിയോതെറാപ്പി, ഡെന്റിസ്ട്രി തുടങ്ങി 12 വ്യത്യസ്ത ആരോഗ്യ പ്രൊഫഷനുകൾക്കായി OET ലഭ്യമാണ്. യുകെ, യുഎസ്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങി നിരവധി രാജ്യങ്ങളിലെ ആരോഗ്യ സംരക്ഷണ ബോർഡുകളുടേയും കൗൺസിലുകളുടെയും അംഗീകാരമുളളതാണ് OET. ലിസണിംഗ്, റീഡിംഗ്, റൈറ്റിംഗ്, സ്പീക്കിംഗ് എന്നീഘടകങ്ങള്‍ വിലയിരുത്തുന്നതാണ് പരീക്ഷ.