ശോഭ സുരേന്ദ്രന്റെ കാര്യത്തിൽ ഇനിയും തീരുമാനമായില്ല;

കുമ്മനം രാജശേഖരൻ ആറന്മുളയിൽ ജനവിധി തേടും; മഞ്ചേശ്വരത്ത് ഇക്കുറിയും കെ സുരേന്ദ്രൻ; ബിജെപി സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക ദേശീയ നേതൃത്വത്തിന്റെ പരി​ഗണനയിൽ
 
bjp
bjp

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ സജീവമാക്കി ബിജെപി. സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയ്ക്ക് കൈമാറി. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡേയുടെ സാന്നിധ്യത്തിലാണ് പട്ടിക സംബന്ധിച്ച ചർച്ചകൾ നടന്നത്.

ആറന്മുള മണ്ഡലത്തിൽ മുതിർന്ന നേതാവ് കുമ്മനം രാജശേഖരനും, മഞ്ചേശ്വരത്ത് മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും മത്സരിക്കുമെന്നതാണ് പ്രാഥമിക തീരുമാനം. പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള നേമം മണ്ഡലത്തിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തന്നെ സ്ഥാനാർഥിയാകാൻ സാധ്യതയേറെയാണ്. ഇക്കാര്യം അദ്ദേഹം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

പ്രാഥമിക പട്ടികയിൽ മുൻ സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ (കഴക്കൂട്ടം), മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ നിർവാഹക സമിതിയംഗവുമായ പി. കെ. കൃഷ്ണദാസ് (കാട്ടാക്കട), സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻറണി (തിരുവല്ല), വൈസ് പ്രസിഡന്റ് ഷോൺ ജോർജ് (പാലാ), തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ (തിരുവനന്തപുരം), ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി (ചെങ്ങന്നൂർ) എന്നിവരുടെ പേരുകളും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജനറൽ സെക്രട്ടറി എം. ടി. രമേശിനെ തൃശ്ശൂരിൽ പരിഗണിക്കുന്നുണ്ട്. രമേശ് മത്സരരംഗത്തില്ലെങ്കിൽ പത്മജാ വേണുഗോപാലിനാണ് സാധ്യത. ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഇതുവരെ മണ്ഡലം നിശ്ചയിച്ചിട്ടില്ലെങ്കിലും നാലോ അഞ്ചോ മണ്ഡലങ്ങളിൽ ശോഭ സുരേന്ദ്രന്റെ പേര് സജീവ പരി​ഗണനയിലാണ്.

വട്ടിയൂർക്കാവിൽ മുൻ ഡി.ജി.പി.യും കൗൺസിലറുമായ ആർ. ശ്രീലേഖയോ നടൻ കൃഷ്ണകുമാറോ സ്ഥാനാർഥിയാകാൻ സാധ്യതയുണ്ട്. ചാത്തന്നൂരിൽ മുൻ ജില്ലാ പ്രസിഡന്റായ ബി.ബി. ഗോപകുമാർ, കരുനാഗപ്പള്ളിയിൽ ജിതിൻ ദേവ്, കാഞ്ഞിരപ്പള്ളിയിൽ എൻ. ഹരി എന്നിവരും മത്സരിച്ചേക്കും. അതേസമയം, സഖ്യകക്ഷികളായ ബി.ഡി.ജെ.എസ്., ട്വന്റി20 ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് ഏകദേശം 40 സീറ്റുകൾ നൽകാനാണ് ബി.ജെ.പി.യുടെ നീക്കം.