നോർക്ക - ജര്‍മ്മൻ റിക്രൂട്ട്മെന്റ് : നഴ്സുമാർക്ക് ഓഫര്‍ ലെറ്ററുകള്‍ കൈമാറി.

 
norka

കേരളത്തില്‍ നിന്നുളള നഴ്സുമാരെ ജര്‍മ്മനിയിലേയ്ക്ക് റിക്രൂട്ട്  ചെയ്യുന്ന   ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജോലി ലഭിച്ച 10 നഴ്സുമാര്‍ക്കുളള ഓഫര്‍ ലെറ്ററുകള്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി കൈമാറി. സുരക്ഷിതമായ തൊഴില്‍ കുടിയേറ്റങ്ങള്‍ക്ക് രാജ്യത്തുതന്നെ ഏറ്റവും മാതൃകാപരമായ പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ എന്ന് കെ.ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജര്‍ ശ്യാം.ടി.കെ ജര്‍മ്മനിയില്‍ നിന്നും എംപ്ലോയറെ പ്രതിനിധീകരിച്ച് സോഫ് കിന്‍ഡ്ലര്‍, ക്രിസ്ത്യന്‍ ഗ്രയ്റ്റ്, GIZ പ്രതിനിധികള്‍ എന്നിവരും സംബന്ധിച്ചു. തിരഞ്ഞെടുക്കപ്പെട്ടവര്‍ വളരെ ചുരുങ്ങിയ സമയത്തിനുളളില്‍ ജര്‍മ്മന്‍ ഭാഷാ പഠനത്തില്‍ കൈവരിച്ച നേട്ടം പ്രശംസനീയമാണെന്ന് ജര്‍മ്മന്‍ പ്രതിനിധികള്‍ പറഞ്ഞു. ചടങ്ങില്‍ നിയമനം ലഭിച്ചവരെ അനുമോദിച്ചു. 

norka

ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മ്മന്‍ ഭാഷാപഠനത്തിന് യോഗ്യത നേടിയവരില്‍ നിന്നും എംപ്ലോയര്‍ അഭിമുഖങ്ങളിലൂടെ തിരഞ്ഞെടുത്തവര്‍ക്കാണ് നിയമനം ലഭിച്ചത്. ഇവര്‍ നിലവില്‍ ഗോയ്ഥേ ഇന്‍റ്റിറ്റ്യൂട്ടില്‍ ജര്‍മ്മന്‍ ഭാഷാപഠനം തുടരുകയാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന  നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മ്മന്‍ ഭാഷയില്‍ എ1, എ2, ബി1 വരെയുളള പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. തുടര്‍ന്ന് ജര്‍മ്മനിയില്‍ നിയമനത്തിനുശേഷം ജര്‍മ്മന്‍ ഭാഷയില്‍ ബി.2 ലെവല്‍ പരിശീലനവും ലഭിക്കും. നിലവില്‍ പദ്ധതിയുടെ നാലാംഘട്ടത്തിലേയ്ക്കുളള അഭിമുഖങ്ങള്‍ പൂര്‍ത്തിയായി. പദ്ധതി പ്രകാരം ഇതുവരെ 107 നഴ്സുമാരാണ് കേരളത്തില്‍ നിന്നും ജര്‍മ്മനിയിലെത്തിയത്. 

ട്രിപ്പിള്‍ വിന്‍ പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ www.norkaroots.org, www.nifl.norkaroots.org  എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.