പ്രമുഖ കാർട്ടൂണിസ്റ്റും ഹാസ സാഹിത്യകാരനുമായ സുകുമാർ (91) അന്തരിച്ചു.
പ്രമുഖ കാർട്ടൂണിസ്റ്റും ഹാസ സാഹിത്യകാരനുമായ സുകുമാർ (91) അന്തരിച്ചു.വാർധക്യസഹജമായ അസുഖത്തെ തുടർന്ന്, കൊച്ചിയിലായിരുന്നു അന്ത്യം.
ഹാസ സാഹിത്യകാരൻ, ഹാസ്യ ചിത്രകാരൻ എന്നീ നിലകളിൽ പ്രശസ്‌തനായിരുന്നു. സുകുമാർ എന്ന പേരിലെഴുതുന്ന എസ്. സുകുമാരൻ പോറ്റിക്ക്, കേരള സാഹിത്യ അക്കാദമിയുടേയും ഇ വി സ്‌മാരക സമിതിയുടേയും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
1932 ജൂലൈ 9-ന് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ സുബ്ബരായൻ പോറ്റിയുടെയും കൃഷ്ണമ്മാളുടെയും മൂത്ത മകനായാണ് ജനനം. ഡി ഐ ജി ഓഫീസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു.
നർമ്മകൈരളിയുടെ പ്രസിഡന്റായും കേരള കാർട്ടൂൺ അക്കാദമിയുടെ ചെയർമാനായും പ്രവർത്തിച്ചിരുന്നു.
കാർട്ടൂണിസ്റ്റ് സുകുമാറിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം
ഹാസസാഹിത്യരംഗത്തും കാർട്ടൂൺ രചനയുടെ രംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭനാണ് സുകുമാർ. നർമകൈരളി എന്ന പ്രസ്ഥാനത്തിന്റെ സാരഥിയായി നിരവധി വർഷങ്ങൾ അദ്ദേഹം നടത്തിയ സേവനം എടുത്തു പറയണം.
വിദ്വേഷത്തിന്റെ സ്പർശമില്ലാത്ത നർമമധുരമായ വിമർശനം സുകുമാറിനെ വ്യത്യസ്തനാക്കി. നിശിതമായ വിമർശനം കാർട്ടൂണിലൂടെ നടത്തുമ്പോഴും വ്യക്തിപരമായ കാലുഷ്യം അതിൽ കലരാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധ വെച്ചിരുന്നു.
ഹാസസാഹിത്യ രംഗത്ത് വിലപ്പെട്ട സംഭാവനകളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. കേരളത്തിന്റെ സാംസ്കാരിക രംഗത്തിന് കനത്ത നഷ്ടമാണ് സുകുമാറിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു
തിരുവനന്തപുരം
കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു.
വരയിലൂടെയും എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും മലയാളികളെ ചിരിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍. നര്‍മകൈരളിയുടെയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും രൂപീകരണത്തിന് നേതൃപരമായ പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ നേതൃത്വത്തില്‍ 12 മണിക്കൂര്‍ നീണ്ടു നിന്ന അഖണ്ഡ ചിരിയജ്ഞം മറക്കാനാകാത്ത അനുഭവമായിരുന്നു.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്ക് ചേരുന്നു.