ഇനി ഒരു ദിവസം 15,000 കെയ്‌സ് മദ്യം ഉത്പാദിപ്പിക്കും: ജവാന്‍ പ്രീമിയം ടിപ്പിള്‍ എക്‌സ് റം വരുന്നു

 
hot

സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ മദ്യ ബ്രാന്‍ഡായ ജവാന്‍ പ്രീമിയത്തിന്‍റെ ഉല്പാദനത്തിനായി പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയില്‍ പുതുതായി സ്ഥാപിച്ച രണ്ട് ബെല്‍റ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു. മന്ത്രി എംബി രാജേഷാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. 4.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ ബെല്‍റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ഇതോടെ ഒരു ദിവസം 15,000 കെയ്‌സ് മദ്യം ഉത്പാദിപ്പിക്കാനാവും. രണ്ട് മാസത്തിനുള്ളില്‍ ജവാന്‍ പ്രീമിയം ട്രിപ്പിള്‍ എക്‌സ് റം ഉത്പാദിപ്പിക്കാനുള്ള നടപടികളാണ് പൂര്‍ത്തിയാകുന്നത്. നിലവില്‍ ജവാന്‍ സ്‌പെഷ്യല്‍ റം ഒരു ലിറ്റര്‍ കുപ്പികളിലാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. പുതിയതായി 750, 500 മില്ലികളില്‍ വീതമുള്ള കുപ്പികളിലും വിതരണം ചെയ്യും.

1954-ല്‍ ഇന്ത്യന്‍ മിലിറ്ററി കാന്റീലേക്കുള്ള മദ്യ നിര്‍മ്മാണം ഇവിടെ ആരംഭിച്ചിരുന്നു. ഇതാണ് ഇവിടെ ഉദ്പാദിപ്പിക്കാനുള്ള മദ്യത്തിന് ജവാന്‍ എന്ന പേര് ലഭിക്കാനുള്ള കാരണം. ഫാക്ടറിയില്‍ മദ്യത്തിന്റെ പഴയ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് പുനരുപയോഗം നടത്താനുള്ള പദ്ധതി ആലോചനയിലാണ്. കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി പണം നല്‍കി കുപ്പി ശേഖരിക്കാനാണ് നിലവില്‍ ആലോചന നടക്കുന്നത്. കുപ്പികളില്‍ മദ്യം നിറച്ച് സ്റ്റിക്കര്‍ പതിക്കുന്ന ജോലികള്‍ കുടുംബശ്രീ പ്രവര്‍ത്തകരാണ് ചെയ്യുന്നത്.

മാനേജിംഗ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത, കെഎസ്ബിസി ജനറല്‍ മാനേജര്‍മാരായ ടികെ വിശ്വനാഥന്‍, സിയു അഭിലാഷ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വിഎ പ്രദീപ്, കമ്പനി ജനറല്‍ മാനേജര്‍ ജോയല്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് ഫാക്ടറിയുടെ പ്രവര്‍ത്തനം മന്ത്രിക്ക് വിശദീകരിച്ചു. അഡ്വ ആര്‍ സനല്‍കുമാര്‍, അഡ്വ ഫ്രാന്‍സിസ് വി ആന്റണി, ബാലചന്ദ്രന്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.