ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് ജൂണ്‍ 13 ന്
പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജൂണ്‍ 13 ന് ഓണ്‍ലൈന്‍ അദാലത്ത് നടത്തും.
സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ, ക്രൈംബ്രാഞ്ച്, കേരള പോലീസ് അക്കാദമി, ടെലികമ്മ്യൂണിക്കേഷന്‍, റെയില്‍വേയ്സ്, പോലീസ് ട്രെയിനിംഗ് കോളേജ്, പോലീസ് ആസ്ഥാനം എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് ജൂണ്‍ 13 ന് പരിഗണിക്കുന്നത്. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 20.
പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.
SPC Talks with Cops എന്ന് നാമകരണം ചെയ്ത പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത.