ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്; 3 പേര്‍ കുറ്റക്കാരെന്ന് കണ്ണൂർ സബ് കോടതി

 
OC

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കണ്ണൂർ സബ് കോടതി. ദീപക്, സി.ഒ.ടി നസീർ, ബിജു പറമ്പത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് വിധിച്ചത്. 110 പ്രതികളെ കോടതി വെറുതെ വിട്ടു. മുൻ എംഎൽഎമാരായ ശ്രീകൃഷ്ണൻ, കെ കെ നാരായണൻ എന്നിവരടക്കം 113 പേരാണ് കേസിലെ പ്രതികൾ.

2013 ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.  ഉമ്മൻചാണ്ടിയുടെ കാറിന് നേരെയുണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്ന് പരിക്കേറ്റിരുന്നു. 2 വകുപ്പുകൾ മാത്രമാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ രണ്ട് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വധശ്രമം, ഗൂഢാലോചന, മർദ്ദനം, പോലീസിനെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ തെളിയിക്കാനായില്ല. പ്രതികളിൽ രണ്ടുപേരെ സി.പി.എം പുറത്താക്കിയിരുന്നു. നസീർ, ദീപക് എന്നിവരെയാണ് അച്ചടക്ക നടപടിയുടെ പേരിൽ സി.പി.എം പുറത്താക്കിയത്. ബിജു പറമ്പത്ത് നിലവിൽ സി.പി.എം അംഗമാണ്.