അടിയന്തരപ്രമേയ ചർച്ച പ്രതിപക്ഷത്തിന്‍റെ അവകാശം: വി ഡി സതീശൻ

 
V D

അടിയന്തര പ്രമേയത്തിന് നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഹകരിക്കില്ലെന്ന ഉറച്ച നിലപാടുമായി പ്രതിപക്ഷം. സഭ സമാധാനപരമായി സമ്മേളിക്കണമെന്ന് പ്രതിപക്ഷവും ആഗ്രഹിക്കുന്നുണ്ടെങ്കിലും പൂച്ചക്കുട്ടികളെപ്പോലെ നിയമസഭയിൽ ഇരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.

അടിയന്തരപ്രമേയ ചർച്ച പ്രതിപക്ഷത്തിന്‍റെ അവകാശമാണ്, അത് നഷ്ടപ്പെടുത്താൻ അനുവദിക്കില്ല. അതിനായി മുന്നോട്ടുവയ്ക്കുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണം. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. സഭ നടത്തണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്നാൽ പൂച്ചക്കുട്ടികളായി ഇരിക്കാൻ കഴിയില്ലെന്നും അവകാശങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും സതീശൻ പറഞ്ഞു. തുടർനടപടികൾ തീരുമാനിക്കാൻ നാളെ രാവിലെ 8 ന് യു.ഡി.എഫ് യോഗം ചേരുമെന്നും സതീശൻ പറഞ്ഞു. 

റബറിന്‍റെ വില 300 രൂപയാക്കിയാൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കുമെന്ന തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയിൽ മയപ്പെടുത്തിയാണ് സതീശന്‍റെ പ്രതികരണം. വികാരനിർഭരമായ പ്രസ്താവനയാണ് ബിഷപ്പിന്‍റേതെന്നും റബർ കർഷകരുടെ ദുഃഖത്തിൽ നിന്നാണ് പ്രസ്താവന വന്നതെന്നും സതീശൻ പറഞ്ഞു. രാജ്യത്തെ ക്രിസ്ത്യൻ ന്യൂനപക്ഷം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആർഎസ്എസ് ഭീഷണിയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.