ഓറഞ്ച് അലര്‍ട്ട് :പൊതുജനങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദേശങ്ങള്‍

 
rain

ജില്ലയില്‍ ഇന്ന് (നവംബര്‍ 22) 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ അതിശക്തമായ മഴയ്ക്ക് സാധ്യയുള്ളതായി കേന്ദ്രകാലവസ്ഥാവകുപ്പ് അറിയിച്ചു. ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പുള്ളതിനാല്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശവും പുറത്തിറക്കി. 

അതിശക്തമായ മഴ  ലഭിക്കുന്ന പശ്ചാത്തലത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. മാറിത്താമസിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനോട് സഹകരിക്കണം. കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. പൊതു-സ്വകാര്യയിടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളും പോസ്റ്റുകളും ബോര്‍ഡുകളും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണം. 

നദികള്‍ മുറിച്ചു കടക്കാനോ, ജലാശയങ്ങളില്‍ കുളിക്കാനോ, മീന്‍പിടിക്കാനോ ഇറങ്ങരുത്. ജലാശയങ്ങളുടെ മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകിയും പോസ്റ്റുകള്‍ തകര്‍ന്നു വീണും അപകടങ്ങള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശത്തില്‍ പറയുന്നു.