പിണറായി നീറോ; ജനം ചൂടിൽ മരിക്കുമ്പോൾ മുഖ്യമന്ത്രി ബീച്ച് ടൂറിസം ആഘോഷിക്കുന്നു: വി.മുരളീധരൻ

 
murali

മുഖ്യമന്ത്രി പിണറായി വിജയന്‍റെ 19 ദിവസം നീണ്ടുനിൽക്കുന്ന വിദേശയാത്രയുടെ സ്പോൺസർ ആരെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തില്‍ ജനം കൊടുംചൂടിൽ വീണ് മരിക്കുമ്പോള്‍
മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷമാക്കുകയാണ്. നീറോ ചക്രവർത്തിയെ അനുസ്മരിപ്പിക്കുന്ന സമീപനമാണ് പിണറായി വിജയന്‍റേതെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.

യാത്രയുടെ ചിലവ് എത്രയെന്നും സ്പോൺസർ ആരെന്നും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പറയണം. മുഖ്യമന്ത്രിയുടേയും പൊതുമരാമത്ത് മന്ത്രിയുടേയും ചുമതല മറ്റാർക്കെങ്കിലും നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സർക്കാരിന്‍റെ തലവൻ ആഢംബരയാത്ര നടത്തുന്നതിൽ സിപിഎം ജനറൽ സെക്രട്ടറി നിലപാട് പറയണം.

സർവതിനും മോദിയെ വിമർശിക്കുന്ന സിപിഐക്ക് ഇതിൽ ഒന്നും പറയാനില്ലേ എന്നും അദ്ദേഹം ചോദിച്ചു. സഹകരാണത്മക പ്രതിപക്ഷമെന്ന് പ്രഖ്യാപിച്ച വി.ഡി.സതീശന്‍റെ ഈ വിഷയത്തിലെ മൗനത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും വി.മുരളീധരൻ .

മുഖ്യമന്ത്രിയുടെ കൊച്ചുമകനെപ്പോലെ ഇന്തോനീഷ്യയിൽ വിനോദയാത്ര പോകാൻ സാധിക്കാത്തവര്‍ക്കാണ് താനൂര്‍ ബോട്ടപകടത്തില്‍ ജീവൻപൊലിഞ്ഞത്. അപകടം നടന്ന് ഒരുവർഷമാകുമ്പോഴും നഷ്ടപരിഹാരം പോലും നൽകിയിട്ടില്ല. വർക്കല ഫ്ലോട്ടിംഗ് ബ്രിഡ്ജിന്‍റെ അവസ്ഥ ജനം കണ്ടതാണെന്ന് മന്ത്രി പറഞ്ഞു. ഇതിനൊന്നും മറുപടി നല്‍കാതെയാണ് ടൂറിസം മന്ത്രിയുടെ യാത്ര. 

ബംഗാളിലെ പ്രചാരണരംഗത്ത് സിപിഎം സമ്മേളനങ്ങളിൽ നാലുപേരെപോലും കാണാനില്ല. ആ സ്ഥിതിയിലേക്ക് കേരളവും അധികം വൈകാതെ എത്തുമെന്നും വി.മുരളീധരൻ പറഞ്ഞു. 

മാസപ്പടിയിലെ കുഴല്‍നാടന്‍റെ ഹര്‍ജി പിണറായി വിജയനെ വെളുപ്പിക്കാനായിരുന്നു.  കടിച്ചപാമ്പിനെക്കൊണ്ട് വി.ഡി.സതീശൻ തന്നെ വിഷം ഇറക്കിയെന്നും മന്ത്രി പരിഹസിച്ചു.