പിണറായി വിജയൻ സർക്കാരിന് അധികാരത്തിൽ തുടരാനുള്ള അവകാശമില്ല: കെ.സുരേന്ദ്രൻ

 
bjp

കേരളം ഇന്നേവരെ കേട്ടിട്ടില്ലാത്തത്ര ഗുരുതരമായ ആരോപണമാണ് ഭരണകക്ഷി എംഎൽഎ പിവി അൻവർ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉന്നയിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാർ രാജിവെക്കുകയാണ് വേണ്ടത്. സർക്കാറിന് അധികാരത്തിൽ തുടരാനുള്ള അവകാശമില്ലെന്നും തൃശ്ശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിയോ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയോ ഇതിനെക്കുറിച്ച് ഒരക്ഷരവും ശബ്ദിക്കുന്നില്ല. കേരളത്തിൽ നിയമവാഴ്ച പൂർണമായും തകർന്നു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്ത്- കൊലയാളി- മയക്കുമരുന്ന് സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്നാണ് എംഎൽഎ പറഞ്ഞത്. സ്വർണ്ണക്കള്ളക്കടത്തിനും കൊട്ടേഷൻ സംഘത്തിനും ക്രമസമാധാനം ചുമതലയുള്ള എ ഡിജിപി നേതൃത്വം നൽകുന്നു എന്നത് ഞെട്ടിക്കുന്നതാണ്. എഡിജിപിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും ചേർന്ന് മാഫിയ പ്രവർത്തനങ്ങളും രാജ്യദ്രോഹ പ്രവർത്തനങ്ങളും നടത്തുന്നുവെന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്.  ആരോപണങ്ങളെല്ലാം ശരിവെക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത്. ആരോപണങ്ങൾ തെറ്റാണെങ്കിൽ എന്തുകൊണ്ടാണ് പിവി അൻവർ എംഎൽഎക്കെതിരെ നടപടി എടുക്കാത്തത്? എംഎൽഎ വ്യാജപ്രചരണം ആണ് നടത്തുന്നത് എങ്കിൽ പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാത്തത് എന്താണ്? മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഫോൺ കോളുകൾ എഡിജിപി ചോർത്തിയതിലൂടെ രാജ്യത്തെ നിയമങ്ങളാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. രാജ്യദ്രോഹം ഉൾപ്പെടെയുള്ള കാര്യങ്ങൾ ആയതിനാൽ കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം കൈമാറണം. ഇത്രയും ഗുരുതരമായ ആരോപണ ഉയർന്നിട്ടും എന്തുകൊണ്ടാണ് അന്വേഷണത്തിന് ഉത്തരവിടാൻ മുഖ്യമന്ത്രി തയ്യാറാവാത്തതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.