പിണറായിയുടേത് കാൽകാശിന് വിലയില്ലാത്ത സർക്കാർ: പികെ കൃഷ്ണദാസ്

 
BJP

പിണറായി വിജയന്റേത് കാൽ കാശിന് കൊള്ളാത്ത സർക്കാരാണെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പികെ കൃഷ്ണദാസ് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ജനവിരുദ്ധ നയങ്ങൾ മാത്രം പിന്തുടരുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. വെള്ളക്കരം, വൈദ്യുതി നിരക്ക്, ഇന്ധന നികുതി വർദ്ധന തുടങ്ങി ജനങ്ങളുടെ നട്ടെല്ലൊടിക്കുകയാണ് ഈ സർക്കാർ ചെയ്യുന്നത്. പണിയെടുക്കുന്നവർക്ക് കൂലി പോലും കൊടുക്കുന്നില്ലെന്നതാണ് പിണറായി സർക്കിരിന്റെ മറ്റൊരു സവിശേഷത. ഒരു രംഗത്തും ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാരാണിത്. ഇടത് ദുർഭരണത്തിൽ ജനങ്ങൾ അമർഷത്തിലാണ്. എംവി ഗോവിന്ദൻ്റെ യാത്രയിൽ നിന്നും അണികൾ പോലും ഇറങ്ങി പോയത് സർക്കാരിനോടുള്ള പ്രതിഷേധമാണെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

ജനദ്രോഹനയങ്ങൾക്കെതിരെയുള്ള പ്രതിഷേധമാണ് മതപുരോഹിതൻമാർ പിണറായി സർക്കാരിനെതിരെ രംഗത്ത് വരാൻ കാരണം. തലശ്ശേരി ബിഷപ്പിൻ്റെ അഭിപ്രായം പൊതു വികാരമാണ്. ഇനിയും സിപിഎമ്മിൻ്റെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കാൻ തയ്യാറല്ലെന്നാണ് റബർ കർഷകർ പറയുന്നത്. താമരശ്ശേരി ബിഷപ്പും തലശ്ശേരി ബിഷപ്പിനെ അനുകൂലിച്ച് രംഗത്ത് വന്നത് ഇതിന്റെ സൂചനയാണ്. ഇത് എല്ലാ വിഭാഗം ജനങ്ങളുടേയും അഭിപ്രായമാണ്. കേരളത്തിൽ കേന്ദ്ര സർക്കാരിൻ്റെ പദ്ധതികളല്ലാതെ ഒന്നും നടക്കുന്നില്ല. എംവി ഗോവിന്ദന് ജാഥയിൽ പറയാൻ ദേശീയപാത വികസനം മാത്രമേയുള്ളൂ. അതും മോദി സർക്കാർ നടപ്പിലാക്കുന്നതാണെന്ന് മാത്രം. കേരളം തിരിച്ചറിവിൻ്റെ പാതയിലാണ് ഇവിടെയും രാഷ്ട്രീയമാറ്റമുണ്ടാവും. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് സിപിഎം രാഹുലിൻ്റെ കാര്യത്തിൽ പ്രകടിപ്പിക്കുന്നതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

എൻഡിഎ സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന് (27)

ഇടതു സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കും അഴിമതിക്കുമെതിരെ ഇന്ന് 27ന് എൻഡിഎ സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. എൻഡിഎ ചെയർമാൻ കെ.സുരേന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്യുമെന്നും പികെ കൃഷ്ണദാസ് അറിയിച്ചു. പിണറായി സർക്കാരിൻ്റെ അഴിമതിക്കെതിരായ ബഹുജനപ്രക്ഷോഭത്തിൻ്റെ ആരംഭമായിരിക്കും സെക്രട്ടറിയേറ്റ് മാർച്ച്. സംസ്ഥാനത്ത് ഇടതുപക്ഷവും കോൺഗ്രസും ഒന്നിച്ചിരിക്കുന്ന സാഹചര്യത്തിൽ യഥാർത്ഥ പ്രതിപക്ഷം എൻഡിഎയാണ്. വയനാട്ടിൽ തിരഞ്ഞെടുപ്പ് വന്നാൽ ഇരുമുന്നണികളുടേയും സംയുക്ത സ്ഥാനാർത്ഥി വരും. നിയമസഭയിൽ പ്രതിപക്ഷമില്ലാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. തെരുവിൽ എൻഡിഎ പ്രതിപക്ഷ ശബ്ദമാവുമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.