സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാൻ പദ്ധതി; അടുത്ത അധ്യയനവർഷം മുതൽ എൽ.പി. ക്ലാസുകളിൽ നടപ്പാക്കും

 
school

 പുസ്തകങ്ങളും പഠനോപകരണങ്ങളും നിറച്ച അമിതഭാരമുള്ള ബാഗുകളുമായി സ്കൂളിലെത്തുന്ന കുട്ടികൾക്ക് ആശ്വാസമേകാൻ സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്ന പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറായി. ആദ്യഘട്ടത്തിൽ എൽ.പി. വിഭാഗത്തിലാണ് പദ്ധതി നടപ്പാക്കുക. അടുത്ത അധ്യയനവർഷം മുതൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് ആലോചന.

കുട്ടികളുടെ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായി സ്കൂൾ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി പഠനരീതിയിലും സ്കൂൾ സംവിധാനങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരും. ഒരു ദിവസം പരമാവധി നാല് വിഷയങ്ങളുടെ ക്ലാസുകൾ മാത്രം ഉൾപ്പെടുത്തി ടൈംടേബിൾ ക്രമീകരിക്കാനാണ് നിർദേശം.

പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി രണ്ട് സെറ്റ് പുസ്തകങ്ങൾ തയ്യാറാക്കും. ഇതിൽ ഒരു സെറ്റ് വീട്ടിലും മറ്റൊന്ന് സ്കൂളിലും സൂക്ഷിക്കും. ഇതോടെ എല്ലാ ദിവസവും മുഴുവൻ പുസ്തകങ്ങളും ബാഗിൽ കൊണ്ടുപോകേണ്ട സാഹചര്യം ഒഴിവാക്കാനാകും.

കുട്ടികൾക്കാവശ്യമായ കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളിൽത്തന്നെ ലഭ്യമാക്കാനും പദ്ധതിയുണ്ട്. ഡിജിറ്റൽ പഠനസൗകര്യങ്ങൾ വിപുലീകരിക്കുന്നതും പരിഗണനയിലാണ്. പഠനഭാരം കുറയ്ക്കുന്നതിനൊപ്പം അമിതഭാരമുള്ള സ്കൂൾ ബാഗുകൾ മൂലമുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.