പ്ലസ് വണ്‍ പ്രവേശനം; മലപ്പുറം ജില്ലയ്ക്ക് 14 അധികബാച്ചുകള്‍ അനുവദിച്ചു

 
sivakutty
 മലപ്പുറം ജില്ലയ്ക്ക് 14 പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മറ്റ് ജില്ലകളിലെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകളാണ് മലപ്പുറത്തേക്ക് മാറ്റുക.
സര്‍ക്കാര്‍ സ്‌കൂളിന് പുറമെ ഇക്കൊല്ലം എയ്ഡഡ് മാനേജ്‌മെന്റിനും അധികബാച്ചിന് അനുമതി നല്‍കിയതായി മന്ത്രി പറഞ്ഞു. താത്കാലി ബാച്ചുകളാണ് എയ്ഡഡ് സ്‌കൂളില്‍ അനുവദിക്കുക.


മലപ്പുറം ജില്ലയെ അവഗണിക്കുന്നുവെന്നത് ആവശ്യമില്ലാത്ത വിവാദമാണ്. പാസായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇത്തവണ പത്താം തരത്തില്‍ 77,967 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 77,827 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. സിബിഎസ്ഇയില്‍ 3,389 കുട്ടികളും ഐസിഎസ്ഇയില്‍ 36 കുട്ടികളും ഉപരിപഠനത്തിന് അര്‍ഹരായി. മൂന്ന് വിഭാഗങ്ങളിലുമായി 81,252 പേരാണ് ആകെ ഉപരിപഠനത്തിന് യോഗ്യത നേടിയത്.