അരലക്ഷം പേരുടെ സമ്മേളനത്തെ നരേന്ദ്രമോദി അഭിസംബോധന ചെയ്യും

 
PM

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ തിരുവനന്തപുരം ഒരുങ്ങി. നാളെ രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവര്‍ത്തകര്‍ ആവേശോജ്വല വരവേല്‍പ്പാണ് നല്‍കുക. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമാനങ്ങളും കട്ടൗട്ടുകളും ഉയര്‍ന്നു കഴിഞ്ഞു. നഗരം കൊടിതോരണങ്ങളാല്‍ അലംകൃതമായി. നഗരമാകെ ഉത്സവാന്തരീക്ഷത്തിലാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെയും കൂറ്റന്‍ കട്ടൗട്ടുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മോദിയുടെ ഈ വര്‍ഷത്തെ ആദ്യ തിരുവനന്തപുരം സന്ദര്‍ശനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞതായി ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ് പറഞ്ഞു.


തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം മോദി ഉദ്ഘാടനം ചെയ്യും. അരലക്ഷം പേരാണ് സമ്മേളനത്തില്‍ പങ്കുചേരുക. വിവിധ നിയോജക മണ്ഡലങ്ങളില്‍ നിന്നായി പുതിയതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പടുകൂറ്റന്‍ സമ്മേളനവേദിയാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ 10ന് സമ്മേളനം ആരംഭിക്കും. കെ. സുരേന്ദ്രനെ കൂടാതെ കേന്ദ്രമന്ത്രി വി.മുരളീധരന്‍, ദേശീയ നിര്‍വ്വാഹകസമിതി അംഗങ്ങളായ കുമ്മനംരാജശേഖരന്‍, പി.കെ.കൃഷ്ണദാസ്, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍, ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ്, ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഐഎസ്ആര്‍ഒയിലെ ഔദ്യോഗിക പരിപാടിക്കു ശേഷമാകും ബിജെപിയുടെ സമ്മേളന നഗരിയിലേക്കെത്തുക.