പോലീസ് സഹകരണ സംഘം സ്കൂൾ ബസാർ: ഏപ്രിൽ 19 ന് ഉദ്‌ഘാടനം

 
pix

സ്കൂൾ പഠനോപകരണ വിപണിയിൽ സ്കൂൾ ബസാർ വിൽപ്പനയിലും വിലക്കുറവിലും സമാനതകളില്ലാത്ത സംരഭമായി മാറിയ  പോലീസ് സഹകരണ സംഘത്തിന്റെ സ്കൂൾ ബസാർ ഇത്തവണയും വിപുലമായ രീതിയിൽ ഒരുങ്ങുകയാണ്. ഭരണസമിതി പ്രതീക്ഷിച്ചതിനേക്കാൾ ജനപിന്തുണ നേടിയ സ്കൂൾ ബസാർ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സൗകര്യങ്ങളോടെ ബേക്കറി ജംഗ്ഷനിൽ റിസർവ്‌ ബാങ്കിന് എതിർ വശത്തുള്ള ശ്രീധന്യ ബിൽഡിങ്ങിന്റെ താഴത്തെ നിലയിലെ ഷോപ്പിംഗ് ഏരിയയിലാണ്‌ ഇത്തവണ സജ്ജീകരിച്ചിരിക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ നോട്ടുബുക്കുകൾ, സ്കൂൾ ബാഗുകൾ, യൂണിഫോം തുണിത്തരങ്ങൾ, സ്കൂൾ ഷൂസുകൾ, കുടകൾ, ലഞ്ച് ബോക്സ്, പഠനോപകരണങ്ങൾ, തുടങ്ങിയവയുടെ വൈവിധ്യമാർന്ന ശേഖരം ഒറ്റക്കുടക്കീഴിൽ ബസാറിലൂടെ ലഭ്യമാകും.

ഏപ്രിൽ 19 ബുധനാഴ്ച രാവിലെ 11 മണിക്ക് ബഹു. സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ.വി.എൻ.വാസവൻ സ്കൂൾ ബസാറിന്റെ ഉദ്‌ഘാടനം നിർവഹിക്കും ബഹു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( L & O ) ശ്രീ.എം.ആർ.അജിത് കുമാർ  ഐ പി എസ് ആദ്യവില്പന നിർവഹിക്കും. തദവസരത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സഹകരണവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ    പങ്കെടുക്കും. 

വർധിച്ചു വരുന്ന വിദ്യാഭ്യാസ ചെലവുകൾ നേരിടാൻ സംഘാംഗങ്ങൾക്ക് അൻപതിനായിരം രൂപ വരെ  വിദ്യാഭ്യാസ വായ്പയും  സ്കൂൾ ബസാറിൽ നിന്നും പഠനോപകരണങ്ങൾ വാങ്ങുന്നതിന്  പലിശ രഹിത വായ്പയും നൽകുന്നതാണ്.  ഈ സംരംഭത്തിന്റെ വിജയത്തിനായി നിങ്ങളേവരുടെയും നിസീമമായ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നതോടൊപ്പം ബസാറിന്റെ ഉദ്ഘാടന ചടങ്ങിലേക്ക്  ഏവരേയും സ്നേഹാദരങ്ങളോടെ ക്ഷണിച്ചുകൊള്ളുന്നു.