പരാതിക്കാരോട് പോലീസ് മാന്യമായി പെരുമാറണം : മനുഷ്യാവകാശ കമ്മീഷൻ

 
state human

 പരാതിയുമായി വരുന്നവരോട് മാന്യമായി പെരുമാറേണ്ട ബാധ്യത പോലീസിനുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ.

പോലീസ് മോശമായി പെരുമാറിയെന്ന ആരോപണം പരാതിക്കാരിൽ നിന്നുമുണ്ടാകാതിരിക്കാൻ ഉയർന്ന പോലീസ്
ഉദ്യോഗസ്ഥർ   ശ്രദ്ധിക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.

മെഡിക്കൽ കോളേജ്  എസ്.ഐക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. വിജയബാബു എന്നയാൾ അനധികൃതമയി നിലം നികത്തി കെട്ടിട നിർമ്മാണം നടത്തുന്നുവെന്ന പരാതിയുമായി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെത്തിയ കണ്ണമൂല സ്വദേശികളായ ശശിധരനെയും മകൻ പ്രദോഷിനെയും എസ്.ഐ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നാണ് പരാതി.

കമ്മീഷൻ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറിൽ  നിന്നും അന്വേഷണ റിപ്പോർട്ട് വാങ്ങി. വിഷയം സിവിൽ തർക്കമായതിനാൽ കോടതി മുഖാന്തിരം പരിഹരിക്കണമെന്ന് പറഞ്ഞപ്പോൾ സ്റ്റേഷനിലെ ദൃശ്യങ്ങൾ പകർത്തി പരാതിക്കാരന്റെ മകൻ സമൂഹ മാധ്യമത്തിൽ തത്സമയ സംപ്രേക്ഷണം നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് കേസ്  അന്വേഷിച്ചു.

പരാതി വിഷയത്തിൽ അനധികൃത നിർമ്മാണം നിർത്തിവയക്കാൻ ഹൈക്കോടതി ഉത്തരവുണ്ടായെന്നും ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ നഗരസഭ മെഡിക്കൽ കേളേജ് പോലീസിന് കത്ത് നൽകിയെന്നും കമ്മീഷൻ കണ്ടെത്തി.നഗരസഭയുടെ കത്തുമായി സ്റ്റേഷനിലെത്തിയ പരാതിക്കാരെ എസ്.ഐ മർദ്ദിച്ചെന്നാണ് ആരോപണം. നഗരസഭയുടെ കത്തിന്റെ അടിസ്ഥാനത്തിൽ സിവിൽ വിഷയമായതിനാൽ  നടപടിയെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് എസ്.ഐ പരാതിക്കാരെ അറിയിച്ചു. തുടർന്ന് എസ്.ഐയും പരാതിക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി. സ്റ്റേഷൻ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ  പ്രദോഷിന്റെ കൈയിൽ നിന്നും  പോലീസ് പിടിച്ചുവാങ്ങിയ ശേഷം മർദ്ദിച്ചെന്നാണ് പരാതി. അതേസമയം മർദ്ദനമേറ്റതിന് ചികിത്സ തേടിയതിന്റെ രേഖകൾ പരാതിക്കാർ കമ്മീഷനിൽ ഹാജരാക്കിയില്ല. 

തുടർന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കമ്മീഷൻ ജില്ലാ കളക്ടറോട്  നിർദ്ദേശിച്ചു. വിജയ്ബാബു എന്നയാൾ തണ്ണീർതട സംരക്ഷണ നിയമം ലംഘിച്ചുവെന്നും ഭൂമി പൂർവ്വ സ്ഥിതിയിലാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയെന്നും  ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. എന്നാൽ ജില്ലാ കളക്ടറുടെ ഉത്തരവ് വിജയ്ബാബുവിന്റെ റിട്ട് പെറ്റീഷന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി റദ്ദാക്കി.

പരാതിക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെങ്കിൽ പരാതി ലഭിച്ചാൽ  പോലീസ് സഹായം നൽകണമെന്ന് കമ്മീഷൻ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.