ഗുലാം നബി ആസാദിനൊപ്പം പാർട്ടി വിട്ട 17 നേതാക്കള്‍ തിരികെ കോണ്‍ഗ്രസിലേക്ക്

 
ppp

ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ, ഗുലാം നബി ആസാദിനൊപ്പം പാർട്ടി വിട്ട 17 കോൺഗ്രസ് നേതാക്കൾ പാർട്ടിയിലേക്ക് തിരിച്ചെത്തുന്ന വാർത്തയാണ് കോൺഗ്രസിനെ തേടിയെത്തുന്നത്. ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് ഉൾപ്പെടെയുള്ളവർ, ഗുലാം നബി ആസാദ് മതേതര ചിന്തകൾ ഉപേക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് കോൺഗ്രസിലേക്ക് മടങ്ങിയെത്തുന്നത്.

താരാചന്ദിനെ കൂടാതെ മുൻ പിസിസി അധ്യക്ഷനും മുൻ മന്ത്രിയുമായ പീർസാദ മുഹമ്മദ് സയീദ്, മുൻ എംഎൽഎ ബൽവാൻ സിംഗ് എന്നിവരാണ് പാർട്ടിയിലേക്ക് മടങ്ങിയെത്തിയ മറ്റ് പ്രമുഖ നേതാക്കൾ. ഗുലാം നബി ആസാദും മറ്റ് നേതാക്കളും കോൺഗ്രസ് വിട്ട് ഡെമോക്രാറ്റിക് ആസാദ് പാർട്ടിയിൽ ചേർന്നിരുന്നു. എന്നാൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് താരാചന്ദ് ഉൾപ്പെടെയുള്ളവരെ ആസാദ് പുറത്താക്കിയിരുന്നു.

ന്യൂഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാർട്ടി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നേതാക്കളെ സ്വീകരിച്ചു. ഇവര്‍ അവധിയില്‍ പോയതായിരുന്നു, അവധി കഴിഞ്ഞ് അവര്‍ മടങ്ങിയെത്തി, കെ.സി വേണുഗോപാല്‍ പറഞ്ഞു. തെറ്റിദ്ധാരണയാണ് ഇവര്‍ കോണ്‍ഗ്രസ് വിടാനുള്ള കാരണമെന്നും തിരികെ വന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് വിട്ടത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണെന്ന് താരാചന്ദും വ്യക്തമാക്കി.