കര്‍ണാടകയില്‍ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 43 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇനി 15 സീറ്റുകളിലേക്ക് കൂടിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. മുന്‍ മുഖ്യമന്ത്രിയായ സിദ്ധരാമയ്യക്ക് കോലാറില്‍ സീറ്റില്ല. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവ് ലക്ഷ്മണ്‍ സാവഡിക്ക് അത്താനി സീറ്റ് നല്‍കി. മുന്‍ മുഖ്യമന്ത്രിയായ ജഗദീഷ് ഷട്ടറിന്റെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
രണ്ടാമതൊരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. ഈ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിച്ചില്ല. പകരം സിദ്ധരാമയ്യയുടെ അനുയായിയായ കൊത്തൂര്‍ ജി മഞ്ജുനാഥിനാണ് കോലാറില്‍ സീറ്റ് നല്‍കിയത്. കൊത്തൂര്‍ ജി മഞ്ജുനാഥ് എംഎല്‍എയായിരിക്കെ ജാതി സംബന്ധിച്ചുള്ള കൃത്യമായ രേഖകളില്ലെന്ന് കാട്ടി അയോഗ്യനാക്കപ്പെട്ടിരുന്നു.
ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡിക്ക് പ്രതീക്ഷിച്ചതുപോലെ തന്നെ അത്താനി സീറ്റ് ലഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സാവഡി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ സാവഡിക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സാവഡി രാജി വെച്ചത്.