കെപിസിസിയിൽ തർക്കം രൂക്ഷം; വിമർശിച്ച് കൊടിക്കുന്നിൽ സുരേഷും

 
suresh

 കെ.പി.സി.സിയിൽ തർക്കം രൂക്ഷമായി. സംസ്ഥാന നേതൃത്വത്തി നെതിരെ പ്രതികരണവുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തി. കൂടിയാലോചന കളില്ലാതെയാണ് കെ.പി.സി.സി നേതൃത്വം തീരുമാനങ്ങളെടുക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. പുതിയ കെ.പി.സി.സി അംഗങ്ങളെ തീരുമാനിച്ച കാര്യം ആരും അറിഞ്ഞില്ല. വർക്കിംഗ് പ്രസിഡന്‍റായ ഞാൻ പോലും സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്.

കെ.പി.സി.സി നേതൃത്വത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. മുല്ലപ്പള്ളിയുടെയും സുധീരന്‍റെയും അസാന്നിധ്യം ചർച്ച ചെയ്യണം. കെ സുധാകരനും വി ഡി സതീശനുമെതിരായ പരാതികൾ കേന്ദ്ര നേതൃത്വത്തിന് അറിയാം. പ്ലീനറി സമ്മേളനത്തിന് ശേഷം കേരളത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.

അതേസമയം, റായ്പൂരിൽ കോൺഗ്രസ് പ്ലീനറി സമ്മേളനം നടക്കുകയാണ്. പ്ലീനറി സമ്മേളനത്തിൽ പ്രതിപക്ഷ സഖ്യത്തിൽ നിന്ന് വിട്ടുനിൽക്കുന്നവരോടും അടുക്കാനാണ് പാർട്ടി തീരുമാനം. തൃണമൂൽ കോൺഗ്രസ്, ബിആർഎസ്, ആം ആദ്മി പാർട്ടികളുടെ പേര് പരാമർശിക്കാതെ രാഷ്ട്രീയ പ്രമേയത്തിലുണ്ട്. ഭാരത് ജോഡോ യാത്രയിലൂടെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള നീക്കം ഫലം കണ്ടില്ലെന്നും ബി.ജെ.പിയെ എതിർക്കാൻ ഇപ്പോഴത്തെ ശക്തി പര്യാപ്തമല്ലെന്നും പ്ലീനറി സമ്മേളനത്തിൽ സ്വയം വിമർശനമുയർന്നു.

വരാനിരിക്കുന്ന നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പ്രതിപക്ഷ സഖ്യത്തെ ലക്ഷ്യമിട്ടുള്ള നിർണായക രാഷ്ട്രീയ പ്രമേയം ഇന്ന് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിക്കും. സാമ്പത്തിക, വിദേശകാര്യ വിഷയങ്ങളിലെ പ്രമേയങ്ങളും ഇന്ന് നേതാക്കളുടെ പരിഗണനയ്ക്ക് വരും. മല്ലികാർജുൻ ഖാർഗെയെ പാർട്ടിയുടെ ദേശീയ പ്രസിഡന്‍റായി തിരഞ്ഞെടുത്ത തീരുമാനം അംഗീകരിക്കും. പതാക ഉയർത്തൽ ചടങ്ങിന് ശേഷം 10.30ന് ഖാർഗെ പ്രവർത്തകരെ അഭിസംബോധന ചെയ്യും.