കള്ളക്കമ്പനികളെക്കൊണ്ട് വക്കീല്‍ നോട്ടീസ് അയപ്പിച്ച് പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തേണ്ട; വി ഡി സതീശൻ.

അഴിമതിക്കഥകളെല്ലാം പുറത്ത് വരുമ്പോള്‍ മുഖ്യമന്ത്രിക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും

 
vd

പ്രതിപക്ഷ നേതാവ് കണ്ണൂര്‍ ഡി.സി.സിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം

അഴിമതി ആരോപണത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ഒരു ചോദ്യത്തിന് ഉത്തരം പറയാത്ത മുഖ്യമന്ത്രി വഴിവിട്ട് കരാര്‍ നേടിയ എസ്.ആര്‍.ഐ.ടി കമ്പനിയെക്കൊണ്ട് വക്കീല്‍ നോട്ടീസ് അയപ്പിച്ച് പ്രതിപക്ഷ നേതാവിനെയും രമേശ് ചെന്നിത്തലയെയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഭീഷണിപ്പെടുത്തായാലും ആരോപണങ്ങള്‍ പിന്‍വലിക്കില്ലെന്നും ടെന്‍ഡര്‍ ഡോക്യുമെന്റിന് വിരുദ്ധമായ നടപടികളാണ് കരാറിന്റെ ആദ്യാവസാനം നടന്നിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയുള്ള മറുപടിയാണ് നോട്ടീസ് അയച്ച കമ്പനിക്ക് നല്‍കിയിരിക്കുന്നത്. കള്ളക്കമ്പനികളെക്കൊണ്ട് വക്കീല്‍ നോട്ടീസ് അയച്ച് പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ട. കോടതിയില്‍ പോയാല്‍ എല്ലാ ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കും.

പ്രതിപക്ഷം പുറത്തുവിട്ട ഏതെങ്കിലും ഒരു രേഖ വ്യാജമാണെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ സാധിക്കുമോ? പ്രതിപക്ഷം ഉന്നയിച്ച ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കൂടുതല്‍ അഴിമതികള്‍ കൂടി പുറത്ത് വരാനുണ്ട്. അത്കൂടി വന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും. കരാര്‍ നല്‍കിയത് മുഖ്യമന്ത്രിയാണ്. അതുകൊണ്ട് മുഖ്യമന്ത്രിയാണ് മറുപടി നല്‍കേണ്ടത്. അല്ലാതെ പാര്‍ട്ടി സെക്രട്ടറിയല്ല. ഒന്നും പറയാനില്ലാത്തതു കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. 

50 കോടി രൂപയില്‍ തീരാവുന്ന പദ്ധതിയുടെ ടെന്‍ഡര്‍ തുക 151 കോടിയായി ഉയര്‍ത്തുകയും മെയിന്റനന്‍സിനായി 66 കോടി മാറ്റിവയ്ക്കുകയും ചെയ്തു. മറ്റ് രണ്ട് കമ്പനികളുമായി ചേര്‍ന്ന് കാര്‍ട്ടല്‍ രൂപീകരിച്ച് മത്സരം ഇല്ലാതാക്കി ഉയര്‍ന്ന തുകയ്ക്കാണ് എസ്.ആര്‍.ഐ.റ്റി കരാര്‍ നേടിയെടുത്തത്. ടെന്‍ഡര്‍ ഡോക്യുമെന്റില്‍ നിര്‍ദ്ദേശിക്കുന്നതു പോലെ ഈ മൂന്ന് കമ്പനികള്‍ക്കും സാങ്കേതികത്തികവോ സാമ്പത്തിക ഭദ്രതയോ ഇല്ല.  പ്രധാന പ്രവൃത്തികളൊന്നും ഉപകരാര്‍ നല്‍കരുതെന്ന വ്യവസ്ഥയും ലംഘിച്ചു. ഇപ്പോള്‍ നോട്ടീസ് അയച്ച കമ്പനി മറ്റു കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കി 6 ശതമാനം കമ്മീഷനായ 9 കോടി നോക്ക് കൂലിയും വാങ്ങി പദ്ധതിയില്‍ നിന്നും മാറി നില്‍ക്കുകയാണ്. പദ്ധതി നടപ്പാക്കുന്നത് മുഖ്യമന്ത്രിയുടെ ബന്ധുവിന് പങ്കാളിത്തമുള്ള പ്രസാഡിയോയാണ്. ഈ കമ്പനിക്കും ടെന്‍ഡര്‍ ഡോക്യുമെന്റില്‍ പറയുന്ന ഒരു യോഗ്യതയുമില്ല. പണം മുടക്കുന്ന കമ്പനിക്ക് 40 ശതമാനം ലാഭവിഹിതം നല്‍കുമ്പോള്‍ ഒന്നും ചെയ്യാതെ മാറി നില്‍ക്കുന്ന പ്രസാഡിയോ 60 ശതാമാനം ലാഭം കൈപ്പറ്റുന്നത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്. ടെന്‍ഡറില്‍ ബ്രോക്കറായാണ് എസ്.ആര്‍.ഐ.ടി പ്രവര്‍ത്തിച്ചത്. പണം മുടക്കാതെ മാറി നിന്ന് 60 ശതമാനം ലാഭം കൈപ്പറ്റുന്ന പ്രസാഡിയോയാണ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും നടത്തിയത്. അതിന്റെയൊക്കെ മിനിട്‌സ് പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. മുഖ്യമന്ത്രിയുടെ ബന്ധുവും രണ്ട് യോഗങ്ങളില്‍ പങ്കെടുത്തു.