സിപിഎമ്മില്‍ ഇനി 'ഗോവിന്ദ' കാലം
ജനകീയ പ്രതിരോധയാത്ര തിങ്കളാഴ്ച്ച കാസർഗോഡ് കുമ്പളയില്‍ നിന്നും ആരംഭിക്കും

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധയാത്ര തിങ്കളാഴ്ച്ച കാസർഗോഡ് കുമ്പളയില്‍ നിന്നും ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്യും. 140 മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന യാത്ര വര്‍ത്തമാന കാല രാഷ്ട്രീയ സ്ഥിതികള്‍ ചര്‍ച്ച ചെയ്യാനും ജനങ്ങളുമായി സംവദിക്കാനുമാണ് യാത്ര. കാസര്‍ഗോഡ് ജില്ലയില്‍ ചെര്‍ക്കള, കുണ്ടംകുഴി, കാഞ്ഞങ്ങാട് ,കാലിക്കടവ് എന്നിവടങ്ങളിൽ സ്വീകരണം നൽകും. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.
പാര്‍ട്ടിയിലാകെ ശുദ്ധികലശം ലക്ഷ്യമിട്ടു മുന്നോട്ടുപോകുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു തന്റെ രാഷ്ട്രീയ പ്രയാണം അത്ര സുഗമമാകാന്‍ ഇടയില്ല. തെറ്റുതിരുത്തല്‍ രേഖയുമായി ബന്ധപ്പെട്ടുള്ള സംഘടനാ ചര്‍ച്ച ജില്ലാ കമ്മിറ്റികളില്‍ നടന്നുകൊണ്ടിരിക്കെയാണു പൊടുന്നനെ ജനകീയ പ്രതിരോധ ജാഥയുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സംസ്ഥാനം ചുറ്റാന്‍ തയ്യാറെടുക്കുന്നത്. സിപിഎമ്മിനുള്ളില്‍ ഈ ജാഥയെ സംബന്ധിച്ചു ഭിന്നസ്വരങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഒരുപാടു രാഷ്ട്രീയ ചോദ്യങ്ങള്‍ക്കു മറുപടി പറയേണ്ട സാഹചര്യമായതിനാല്‍ ഗോവിന്ദനൊപ്പം ചേര്‍ന്നു നില്‍ക്കാനാണു ഭൂരിപക്ഷം നേതാക്കളും ഇപ്പോള്‍ ആഗ്രഹിക്കുന്നത്.
ഒരു ഇടവേളയ്ക്കു ശേഷം സ്വര്‍ണക്കടത്തു കേസ് സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും ഒരുപോലെ സങ്കീര്‍ണമാകുകയാണ്. കേസിലെ പ്രതി സ്വപ്‌നാ സുരേഷ് ഇപ്പോള്‍ പറയുന്ന കാര്യങ്ങളില്‍ പുതുമയൊന്നും ഇല്ലെന്നു സിപിഎം നേതാക്കള്‍ പറയുന്നുണ്ടെങ്കിലും അവരുടെ നെഞ്ചിടിപ്പ് കൂടുന്നൂ എന്നതാണു വാസ്തവം. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ ജാഥ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഒരുപാടു വിവാദങ്ങള്‍ക്കു കൂടി മറുപടി പറയേണ്ട സാഹചര്യമാണു എം.വി.ഗോവിന്ദനു മുന്നിലുള്ളത്. ഇങ്ങനെയൊരു രാഷ്ട്രീയ സാഹചര്യമല്ല ജാഥ തീരുമാനിക്കുമ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം തന്നെയായിരുന്നു തന്റെ ജാഥയിലൂടെ ഗോവിന്ദനും പ്രധാനമായി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറി. മുഖ്യമന്ത്രിയുടെ പഴയ വിശ്വസ്തന്‍ എം.ശിവശങ്കറിനെ ലൈഫ് പദ്ധതി കോഴ കേസില്‍ ഇഡി ചോദ്യം ചെയ്യുകയാണ്. കോടതിയില്‍ ഇഡി നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടു ശിവശങ്കറിനെ മാത്രമല്ല സര്‍ക്കാരിനെയും പ്രത്യേകിച്ചു മുഖ്യമന്ത്രിയേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ്. വിവാദങ്ങളില്‍ നിന്നും അകന്നുനിന്ന സ്വപ്‌നയും ഇപ്പോള്‍ ഇതൊരു പുതിയ ആയുധമായി സര്‍ക്കാരിനെതിരെ ഉപയോഗപ്പെടുത്തുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തേയും സ്വപ്‌ന പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. ഇതെല്ലാം പറഞ്ഞു തുരുമ്പിച്ച നുണകളാണെന്നു സിപിഎം പറയുന്നുണ്ടെങ്കിലും പാര്‍ട്ടിയും നേതാക്കളും പ്രതിരോധത്തില്‍ തന്നെയാണ്. നരേന്ദ്രമോദി സര്‍ക്കാരിനെതിരെ എം.വി.ഗോവിന്ദന്‍ ജാഥ നയിക്കുമ്പോള്‍ ലൈഫ് അഴിമതി കേസുമായി ബന്ധപ്പെട്ടുള്ള നിലവിലെ വിവാദങ്ങള്‍ക്കും അദ്ദേഹത്തിനു മറുപടി പറയേണ്ടി വരും.
കണ്ണൂരിലെ സംഘടനാ പ്രശ്‌നങ്ങളാണു എം.വി.ഗോവിന്ദനു മറ്റൊരു തലവേദന. പാര്‍ട്ടി നേതാക്കളുടെ അറിവോടെയാണു രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തിയതെന്നു പഴയ ഡിവൈഎഫ്‌ഐ നേതാവ് ആകാശ് തില്ലങ്കരിയുടെ തുറന്നുപറച്ചില്‍ സിപിഎമ്മിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനെതിരെയുള്ള റിസോര്‍ട്ടു വിവാദം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അന്വേഷിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണു സിപിഎം കണ്ണൂര്‍ നേതാക്കളുടെ സന്തതസഹചാരിയെന്നു പറയപ്പെടുന്ന ആകാശ് തില്ലങ്കരിയുടെ വെളിപ്പെടുത്തലുകള്‍. കണ്ണൂരിലെ സിപിഎമ്മില്‍ ശക്തനായിട്ടുള്ള പി.ജയരാജനും ഇപിയും തമ്മിലുള്ള അസ്വാരസ്യങ്ങളാണു നിലവിലെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണു പാര്‍ട്ടിയില്‍ പൊതുവേയുള്ള വിലയിരുത്തല്‍. പി.ജയരാജനു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നല്‍കുന്ന പിന്തുണയാണ് ഇ.പി.ജയരാജനെ ചൊടിപ്പിപ്പിക്കുന്ന പ്രധാന ഘടകം. കണ്ണൂരിലെ പാര്‍ട്ടി സംഘടനാ വിഷയങ്ങള്‍ കൈവിട്ടുപോകുന്നതു പൊതുവേ പാര്‍ട്ടിക്കു ഗുണകരമല്ലെന്ന വിലയിരുത്തലിലാണു സിപിഎം സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിയെ കൂടി പങ്കെടുപ്പിച്ചുകൊണ്ടു സംസ്ഥാന ജാഥയ്‌ക്കൊപ്പം കണ്ണൂര്‍ ജില്ലാ കമ്മിറ്റി കൂടി വിളിക്കാന്‍ എം.വി.ഗോവിന്ദന്‍ തീരുമാനിച്ചിട്ടുണ്ട്. കണ്ണൂരിലെ ഉള്‍പ്പാര്‍ട്ടി വിഷയങ്ങളില്‍ തത്കാലം പാര്‍ട്ടി സെക്രട്ടറിക്കൊപ്പം നില്‍ക്കാനാണു പിണറായി വിജയനും താല്‍പര്യം.
പാര്‍ട്ടിക്കുള്ളില്‍ തെറ്റുതിരുത്തല്‍ രേഖ നടപ്പിലാക്കുന്നതിലൂടെ ആകെയൊരു ശുദ്ധികലശം തന്നെയാണു എം.വി.ഗോവിന്ദന്‍ ലക്ഷ്യമിടുന്നത്. ഇതിനദ്ദേഹത്തിനു സിപിഎം കേന്ദ്ര നേതൃത്വത്തിന്റെയും പിന്തുണയുണ്ട്. ഇങ്ങനെയൊരു മാറ്റം ഉദ്ദേശിച്ചുതന്നെയാണു തെറ്റുതിരുത്തല്‍ രേഖ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുന്നതും പിന്നാലെ ജനകീയ പ്രതിരോധ യാത്രയുമായി ഗോവിന്ദന്‍ മുന്നോട്ടുപോകുന്നതും. പക്ഷേ നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി സെക്രട്ടറിയ്ക്കു തന്റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ കടമ്പകള്‍ ഏറെയാണ്.